കൊല്‍ക്കത്ത- പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സഞ്ചരിച്ച വിമാനം ആകാശച്ചുഴിയില്‍പ്പെട്ടത് എങ്ങനെയെന്നതുള്‍പ്പെടെ വിശദാംശങ്ങള്‍തേടി സംസ്ഥാന സര്‍ക്കാര്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്(ഡി.ജി.സി.എ.) കത്തയച്ചു. ചീഫ് സെക്രട്ടറി എച്ച്.കെ. ദ്വിവേദിയാണ് കത്തുനല്‍കിയത്.വാരാണസിയില്‍നിന്ന് കൊല്‍ക്കത്തയിലേക്കുള്ള യാത്രയില്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് ഏതാനും മിനിറ്റുമുമ്പായിരുന്നു സംഭവം. വിമാനം ആയിരം അടിയിലേറെ പെട്ടെന്ന് താഴ്ത്തിയെന്നാണ് പ്രാഥമികവിവരം. ഇതിന്റെ ആഘാതത്തില്‍ മമതയ്ക്ക് നടുവിന് പരിക്കേല്‍ക്കുകയുമുണ്ടായി.
മുഖ്യമന്ത്രിക്ക് യാത്രചെയ്യാന്‍ സംസ്ഥാനസര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ദസോ ഫാല്‍ക്കണ്‍2000 ഇനത്തില്‍പ്പെട്ട വിമാനത്തിലാണ് മമത സഞ്ചരിച്ചിരുന്നത്. 19 പേര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന ഇടത്തരം വിമാനമാണിത്. സംഭവത്തെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണെന്ന് ഡി.ജി.സി.എ. അധികൃതര്‍ അറിയിച്ചു. ഉന്നതതല അന്വേഷണം വേണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.