Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വകാര്യഭാഗത്ത് ടാറ്റൂ ചെയ്യുന്നതിനിടെ പീഡനം; ആർടിസ്റ്റ് അറസ്റ്റിൽ 

കൊച്ചി- എറണാകുളത്ത് ടാറ്റൂ ചെയ്യാനെത്തിയ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച പ്രമുഖ ടാറ്റൂ ആർടിസ്റ്റ് പി.എസ്. സുജേഷിനെ അറസ്റ്റ് ചെയ്തു. ഇയാൾക്ക് എതിരായ കേസുകളുടെ എണ്ണം ആറായി. യുവതിയുടെ ആദ്യ വെളിപ്പെടുത്തൽ പുറത്തുവന്ന ഉടൻ ഇടപ്പള്ളി ആലിൻചുവടിലുള്ള ഇങ്ക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ എന്ന സ്ഥാപനം അടച്ചുപൂട്ടി ഇയാൾ ഒളിവിൽ പോയിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ പീഡനത്തിനിരയായ ആറു പേർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. പീഡനം നടന്ന സ്റ്റുഡിയോയിൽ പോലീസ് പരിശോധന നടത്തി.
രഹസ്യ ഭാഗങ്ങളിൽ ടാറ്റൂ വരക്കുന്നതിനിടെ പ്രതി തങ്ങളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് ആറു പേരും നൽകിയിരിക്കുന്ന പരാതി. സംഭവത്തിൽ പാലാരിവട്ടം, ചേരാനെല്ലൂർ സ്റ്റേഷനുകളിലായാണ് കേസുകൾ എടുത്തിട്ടുള്ളത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2017 മുതൽ പീഡനത്തിനിരയായ യുവതികളാണ് പരാതി നൽകിയത്. സ്വകാര്യ ഭാഗത്ത് അനുവാദമില്ലാതെ സ്പർശിക്കുകയും, ടാറ്റൂ വരക്കാനെന്ന പേരിൽ വിവസ്ത്രരാക്കി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും എല്ലാ പെൺകുട്ടികളുടെയും മൊഴിയിലുണ്ട്. 
ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമത്തിലൂടെ ഒരു യുവതി തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തുവരുന്നത്. ഇതിന് പിന്നാലെ തങ്ങൾക്കും സമാന ദുരനുഭവങ്ങളുണ്ടായെന്ന് വ്യക്തമാക്കി കൂടുതൽ യുവതികൾ രംഗത്തെത്തി. എന്നാൽ തുടക്കത്തിൽ നേരിട്ട് പോലീസിൽ പരാതി നൽകാൻ പലരും തയാറായിരുന്നില്ല. കഴിഞ്ഞ ദിവസം നാല് യുവതികൾ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നേരിട്ട് പരാതി നൽകുകയും ഇവരുടെ വിശദമായി മൊഴി രേഖപ്പെടുത്തുകയും ചെയ്തതിന് ശേഷം സുജീഷിനെതിരെ കേസെടുക്കുകയായിരുന്നു. പിന്നാലെ രണ്ട് യുവതികൾകൂടി കമ്മീഷണർക്ക് പരാതി നൽകി. സുജീഷിനെതിരെ കൂടുതൽ പരാതികൾ വരാൻ സാധ്യതയുണ്ട്. അതേസമയം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തൽ നടത്തും മുമ്പ് പെൺകുട്ടികൾ പരാതി നൽകിയിരുന്നുവെങ്കിൽ ഇയാളെ കൈയോടെ അറസ്റ്റ് ചെയ്യാൻ കഴിയുമായിരുന്നുവെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. 
ഇങ്ക്‌ഫെക്ടഡ് എന്ന ടാറ്റൂ സെന്റർ കൊച്ചിയിലെ ചലച്ചിത്ര താരങ്ങളടക്കമുള്ളവരുടെ പ്രധാന കേന്ദ്രമാണ്. ടാറ്റൂ സെന്ററുകൾ തമ്മിലുള്ള തർക്കമാണ് പരാതിക്ക് പിറകിലെന്ന ആക്ഷേപം ഉയരുന്നുണ്ടെങ്കിലും പോലീസ് അത് തള്ളുന്നു. സംഭവത്തിൽ കർശന നടപടി വേണമെന്ന് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.
 

Latest News