കോഴിക്കോട്- വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമർശത്തിൽ വനിതാ കമ്മീഷന് പരാതി നൽകി എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്്‌ലിയ. സി.പി.എം സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലായിരുന്നു കോടിയേരിയുടെ സ്ത്രീവിരുദ്ധ പരാമർശം.
സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ 50 ശതമാനം വനിതാ സംവരണം ഉണ്ടാകുമോ എന്ന് ചോദിച്ച മാധ്യമങ്ങളോട്, നിങ്ങൾ ഈ പാർട്ടി കമ്മിറ്റിയെ തകർക്കാൻ ശ്രമിക്കുകയാണോ എന്നായിരുന്നു കോടിയേരി നൽകിയ മറുപടി. ഇതിനെതിരെയാണ് തഹ്്‌ലിയ പരാതി നൽകിയത്.
സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച് വലിയ വായയിൽ മറ്റ് പാർട്ടികൾക്ക് ഉൽബോധനം നൽകാറുള്ള സി.പി.എമ്മിന്റെ 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിൽ ആകെയുള്ളത് ഒരു വനിതാ അംഗമാണെന്നും ഫാത്തിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചിട്ടുണ്ട്. സ്ത്രീ പ്രാതിനിധ്യം കൂടിയാൽ പാർട്ടി നശിച്ചു പോകുമെന്ന് ആത്മാർഥമായി വിശ്വസിക്കുന്ന കോടിയേരി ബാലകൃഷ്ണനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തിട്ടുണ്ട്. സ്ത്രീ വിമോചനത്തെ കുറിച്ച് ക്ലാസെടുക്കാൻ ഇനിയും വരില്ലേ ഈ വഴിയെന്നും ഫാത്തിമ തഹ്‌ലിയ പരിഹസിച്ചു.