Sorry, you need to enable JavaScript to visit this website.

പൊന്നാനി കോൾ മേഖലയിലെ ജലക്ഷാമം  പരിഹരിക്കും -മന്ത്രി കെ. രാജൻ

തൃശൂർ- പൊന്നാനി കോൾ വികസന അഥോറിറ്റി ആദ്യയോഗം ചേർന്നു. തൃശൂർ പൊന്നാനി കോൾ മേഖലയിലെ ജലക്ഷാമം പരിഹരിക്കുന്നതിനുള്ള 23.5 കോടി രൂപയുടെ സമഗ്ര പദ്ധതിക്ക് അനുമതി നേടിയെടുക്കാൻ നേരിട്ട് ഇടപെടുമെന്ന് സംസ്ഥാന റവന്യൂ മന്ത്രിയും തൃശൂർ പൊന്നാനി കോൾ വികസന അതോറിറ്റി ചെയർമാനുമായ കെ. രാജൻ പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന തൃശൂർ പൊന്നാനി കോൾ വികസന അഥോറിറ്റിയുടെ ആദ്യയോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാർഷിക മേഖലയിൽ ഒരു പദ്ധതി നടപ്പാക്കുമ്പോൾ കാലതാമസം ഉണ്ടാകാൻ പാടില്ലെന്നും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൾ മേഖലയിലെ വികസന പ്രവർത്തനങ്ങൾ, യന്ത്രവൽക്കരണം തുടങ്ങിയ കാര്യങ്ങൾ അടിയന്തരമായി ഇടപെട്ട് പൂർത്തീകരിക്കുന്നതിനായി കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപറേഷനിലേയും ജലസേചന വകുപ്പിലേയും ഉദ്യോഗസ്ഥരേയും പ്രത്യേകം യോഗം വിളിച്ചു. 
കൂടുതൽ മേഖലകളിലേക്ക് നെൽകൃഷി വ്യാപിപ്പിച്ച് ഉൽപാദന സാന്ദ്രത വർധിപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാരും കൃഷിവകുപ്പും നടത്തുന്നതെന്നും വിശദമായ പരിശോധനയും അവലോകനവും നടത്തി സാധ്യമായ എല്ലാ പദ്ധതികളും നടപ്പാക്കുകയാണ് ലക്ഷ്യമെന്നും യോഗത്തിൽ പങ്കെടുത്ത ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ആർ. ബിന്ദു പറഞ്ഞു. 
അഥോറിറ്റി സ്‌പെഷ്യൽ ഓഫീസറും തൃശൂർ ജില്ലാ കലക്ടറുമായ ഹരിത വി. കുമാർ സ്വാഗതം ആശംസിച്ച ഓൺലൈൻ യോഗത്തിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.എൽ.എമാരായ പി. നന്ദകുമാർ, എ.സി. മൊയ്തീൻ, കെ.കെ. രാമചന്ദ്രൻ, എൻ.കെ. അക്ബർ, സി.സി. മുകുന്ദൻ, മുരളി പെരുനെല്ലി, സേവ്യർ ചിറ്റിലപ്പിള്ളി, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, മലപ്പുറം ജില്ലാ കലക്ടർ വി.ആർ. പ്രേംകുമാർ, തൃശൂർ മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ജയ കെ.എസ്, സറീന ഹസീബ്, തൃശൂർ കോൾ കർഷക സംഘം പ്രസിഡന്റ് കെ.കെ. കൊച്ചുമുഹമ്മദ്, സെക്രട്ടറി എൻ.കെ. സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി എം.ആർ. മോഹനൻ, കർഷക പ്രതിനിധികളായ പി.ആർ. വർഗീസ് മാസ്റ്റർ, പി. ജ്യാതിഭാസ്, തൃശൂർ മലപ്പുറം ജില്ലകളിലെ ജലസേചനം, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപറേഷൻ, കേരള അഗ്രോ ഇൻഡസ്ട്രീസ്, കേരള കാർഷിക സർവകലാശാല എന്നീ സ്ഥാപനങ്ങളിലെ പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു. 
ജില്ലയിൽ ഏറ്റവും അധികം നെല്ലുൽപാദിപ്പിക്കുന്ന ഇടമാണ് തൃശൂർ  പൊന്നാനി കോൾനിലങ്ങൾ. ഏറെ കർഷകരുള്ള ജില്ലയിലെ ഈ കോൾ വികസന പദ്ധതിക്ക് റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിലുൾപ്പെടുത്തി 298.38 കോടി രൂപയുടെ ധനസഹായമാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. കെയ്‌കോ, കെ.എസ്.ഇ.ബി, കൃഷി എൻജിനീയറിംഗ് വിഭാഗം എന്നിവയുടെ സഹകരണത്തോടെ കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് കോൾനില വികസന പദ്ധതി നടപ്പാക്കുന്നത്. പദ്ധതിപ്രകാരം കോൾ നിലങ്ങളിലെ പ്രധാന ചാലുകളിൽ നിന്നു മണ്ണും, ചളിയും നീക്കി ആഴവും വീതിയും കൂട്ടും. അതേ മണ്ണുപയോഗിച്ച് ബണ്ടുകൾ ശക്തിപ്പെടുത്തും. കോൾ നിലങ്ങളിലെ ഉൾചാലുകളുടെ ആഴവും വീതിയും വർധിപ്പിച്ച് ഫാം  റോഡുകളും റാമ്പുകളും നിർമിപക്കും. കാലഹരണപ്പെട്ട പെട്ടിപറ, പമ്പ് സെറ്റ് എന്നിവയും മാറ്റും. കൂടുതൽ കാര്യക്ഷമമായ സബ്‌മെഴ്‌സിബിൾ  പമ്പ് സെറ്റുകൾ സ്ഥാപിച്ച് കൃഷിയുടെ പ്രവർത്തന വേഗം വർധിപ്പിച്ച് ഇരുപ്പൂ കൃഷിക്ക് കൂടുതൽ സാധ്യത ഒരുക്കുകയും ചെയ്യും.  സംസ്ഥാനത്ത് കുട്ടനാടും പാലക്കാടും കഴിഞ്ഞാൽ ഏറ്റവുമധികം നെല്ല്  ഉൽപാദിപ്പിക്കുന്ന പ്രദേശമാണ് കോൾ മേഖല. ഏകദേശം 13,632 ഹെക്ടർ സ്ഥലത്താണ് നെൽകൃഷി ചെയ്യുന്നത്. വർഷക്കാലത്ത് വലിയൊരു ജലസംഭരണി കൂടിയാണ് ജില്ലയിലെ ഈ കോൾനിലങ്ങൾ.

 

Latest News