Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശ്രീരാമകൃഷ്ണന്‍ ചോദിക്കുന്നു; അക്ബറിനെതിരെ വാദിച്ച അഭിഭാഷകന്‍ ആരുടെ തടവറയില്‍

നാടോടുമ്പോള്‍ നടുവേ ഓടുന്ന പ്രവണതയിലേക്ക് വിരല്‍ ചൂണ്ടുകയാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. എം.എം. അക്ബറെന്ന മതപണ്ഡിതന് ജാമ്യം അനുവദിക്കേണ്ടെന്ന് കോടതിയില്‍ വാദിച്ച അഭിഭാഷക മനോഭാവം എന്താണെന്ന് വ്യക്തമായിട്ടില്ല. ഒരുപക്ഷേ, പോലീസിനോ സര്‍ക്കാരിനോ ഉണ്ടാകാനിടയില്ലാത്ത ഒരു നിലപാട് കോടതിയില്‍ വാശിയോടെ വാദിക്കാന്‍ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കുമെന്ന് സ്പീക്കര്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 


പ്രായപൂര്‍ത്തിയായ ഒരു യുവതി തനിക്ക് പ്രണയം തോന്നിയ ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതില്‍ ഇടപെട്ട് വേര്‍പിരിയണമെന്നു പറയുന്ന കോടതി. അവരുടെ പ്രണയം ശരിയല്ലെന്ന് പൊതുസമൂഹത്തില്‍ അവബോധം സൃഷ്ടിക്കാന്‍ ഉത്തരവുകളിറക്കുന്ന,വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്ന, കേട്ടറിവില്ലാത്ത രീതികള്‍... ഒടുവില്‍ രാജ്യത്തെ പരമോന്നത നീതിപീഠം തന്നെ ഇടപെട്ട് ഒരു വിവാഹത്തെ സാധൂകരിക്കേണ്ടിവരുന്ന അവസ്ഥ....

ഒരു നാടിന്റെ വൈവിധ്യങ്ങളുടെ പ്രതീകങ്ങളെല്ലാം ആക്രമിച്ചു തകര്‍ക്കുന്ന ഭീതിദമായ അന്തരീക്ഷം... മീററ്റില്‍ അംബേദ്കറുടെ പ്രതിമ തകരുന്ന വാര്‍ത്ത അവിശ്വസനീയതയോടെയും അതിലധികം വേദനയോടെയുമാണ് വായിക്കേണ്ടി വരുന്നത്. നടക്കുമ്പോള്‍ വായില്‍നിന്നും ഇറ്റുവീഴാനിടയുള്ള ഉമിനീര് ഭൂമിയെ അയിത്തമാക്കുമെന്ന് കരുതി, കഴുത്തില്‍ കുടുക്ക കെട്ടിത്തൂക്കി നടക്കേണ്ടി വന്ന'മെഹര്‍' ജാതിയില്‍ പിറന്നയാളാണ് അംബേദ്കര്‍. പക്ഷേ, അദ്ദേഹം ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പികളില്‍ പ്രമുഖസ്ഥാനം വഹിച്ച്, താനുള്‍പ്പെടുന്ന ഒരു സമൂഹത്തിന്റെ പീഡിതമായ അവസ്ഥയെ മാറ്റിത്തീര്‍ത്തു . അദ്ദേഹത്തിന്റെ പ്രതിമ തകര്‍ക്കപ്പെടുന്നു. തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ക്കപ്പെടുന്നു. ഒരു തെരഞ്ഞെടുപ്പു പരാജയം ഒരു നാടിനെയാകെ രക്തക്കളമാക്കി മാറ്റുന്ന കാഴ്ചകളാണ് ത്രിപുരയില്‍നിന്നു വരുന്നത്.

ഈ പൊതുബോധത്തിന്റെ സ്വാധീനം പല സ്ഥലങ്ങളിലേക്കും വികിരണം ചെയ്യുന്നതിന്റെ അന്തരീക്ഷം നിര്‍ഭാഗ്യകരമാണ്. നാട്ടിലെ അനാഥാലയങ്ങളെല്ലാം വ്യാജ കുട്ടിക്കടത്തുകേന്ദ്രങ്ങളാണെന്ന് ധരിക്കുക, യത്തീംഖാനകളിലെ കനിവിന്റെ ആഴങ്ങളില്‍ വിഷം കലര്‍ത്തുന്ന പ്രചരണങ്ങള്‍ കൊണ്ടുവരിക,പിഞ്ചോമനകളെ കരുണയോടെ വളര്‍ത്തുന്നവരേയും അടച്ചാക്ഷേപിക്കുക, എല്ലാവര്‍ക്കും തീവ്രവാദപ്പട്ടം ചാര്‍ത്തിക്കൊടുക്കുക, വിശ്വാസപൂര്‍വം സ്വീകരിച്ച മതചിഹ്നങ്ങളോട് അവിശ്വസനീയമായ അസഹിഷ്ണുത പ്രകടിപ്പിക്കുക, തൊപ്പിയും താടിയും കാണുമ്പോഴേ തെറ്റിദ്ധാരണയില്‍ സ്വയം അമരുക......
... ഇതൊക്കെ എങ്ങനെ ഭാരതത്തിന്റെ സമൃദ്ധമായ വൈവിദ്ധ്യങ്ങളുമായി യോജിച്ചുപോകും?
ഇതൊന്നും അംഗീകരിക്കാനാവില്ല. മതം അഭിപ്രായം മാത്രമാണ്. വിവിധ അഭിപ്രായങ്ങളുടെ സൗഹാര്‍ദപരമായ സംഗമമാണ് ജനാധിപത്യം. ജനാധിപത്യത്തിന്റെ മൂല്യവ്യവസ്ഥയില്‍ ഇതിനൊന്നും പ്രസക്തിയില്ല. ജനാധിപത്യത്തിന്റെ വികാസത്തിനുവേണ്ടിയുള്ള പോരാട്ടം കൂടുതല്‍ തീവ്രമാക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. 
എം.എം. അക്ബറെന്ന മതപണ്ഡിതന് ജാമ്യം അനുവദിക്കേണ്ടെന്ന് കോടതിയില്‍ വാദിച്ച അഭിഭാഷക മനോഭാവം എന്താണെന്ന് വ്യക്തമായിട്ടില്ല. ഒരുപക്ഷേ, പോലീസിനോ സര്‍ക്കാരിനോ ഉണ്ടാകാനിടയില്ലാത്ത ഒരു നിലപാട് കോടതിയില്‍ വാശിയോടെ വാദിക്കാന്‍ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കും? ഒരു വാദം കൊണ്ടുവരുമ്പോള്‍ നിയമപരമായ ഘടകങ്ങളും അത് സമൂഹത്തില്‍ സൃഷ്ടിക്കാനിടയുള്ള ആഘാതങ്ങളും സര്‍ക്കാര്‍ നിലപാടും പോലീസിന്റെ അഭിപ്രായവും എല്ലാം പരിഗണിക്കപ്പെടുകയാണ് യഥാര്‍ഥത്തില്‍ വേണ്ടത്. അത്തരം പരിഗണനകളുടെ സൂക്ഷ്മാംശങ്ങളൊന്നും ഇല്ലാതെ കാളപെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്ന ഒരു പ്രവണത ആ വാദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നുവേണം ഊഹിക്കാന്‍. നാടോടുമ്പോള്‍ നടുവേ ഓടുന്ന പൊതു ബോധത്തിലെ തടവുകാരായി മാറുന്ന അവസ്ഥ നിര്‍ഭാഗ്യകരമാണ്.

സര്‍ക്കാരിന്റെ സുതാര്യമായ നിലപാട് ഇക്കാര്യത്തില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. നിയമം ആത്മനിഷ്ഠമായ തോന്നലുകളുടെ അടിസ്ഥാനത്തില്‍ വ്യാഖ്യാനം ചെയ്യപ്പെട്ടുകൂടാ. എന്നാല്‍ ഉയര്‍ന്നുവരുന്ന എല്ലാ പ്രശ്‌നങ്ങളേയും പക്ഷപാതപരമായി കാണുന്നതിന് പകരം നാടിന്റെ പൊതുപ്രശ്‌നമായി ഉന്നയിക്കപ്പെടുകയാണ് വേണ്ടത്. വിഭാഗീയ വികാര പ്രകടനങ്ങള്‍ സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനേ ഉപകരിക്കുകയുള്ളൂവെന്നത് ഓര്‍മ്മിക്കുന്നത് നല്ലതാണ്.
ഒരുമയോടെ, അനീതികള്‍ക്കെതിരെ,
സഹിഷ്ണുതയോടെ കൈകോര്‍ക്കുക.
 

Latest News