ന്യൂദൽഹി- ഐ.എൻ.എക്‌സ് മീഡിയ കോഴ ആരോപണ കേസിൽ അറസ്റ്റിലായ മുൻ കേന്ദ്ര മന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ പ്രത്യേക കോടതി ഈ മാസം 24 വരെ റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കണമെന്ന കാർത്തിയുടെ ആവശ്യം തള്ളിയാണ് പ്രത്യേക ജഡ്ജി സുനിൽ റാണയുടെ നടപടി. കഴിഞ്ഞ മാസം 28 ന് അറസ്റ്റിലായ കാർത്തി ഇന്നലെ വരെ സി.ബി.ഐ കസ്റ്റഡിയിലായിരുന്നു.
തിഹാർ ജയിലിൽ പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്നും സുരക്ഷ വേണമെന്നുമുള്ള ആവശ്യങ്ങളും കോടതി തള്ളി. ജയിൽ മാനുവൽ പ്രകാരമുള്ള അനുകൂല്യങ്ങൾ ലഭിക്കുമെന്നായിരുന്നു ജഡ്ജിയുടെ മറുപടി. വീട്ടിൽനിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുന്നതിന് അനുവദിക്കണമെന്ന ആവശ്യവും കോടതി തള്ളി. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം 15 ന് ജാമ്യാപേക്ഷ പരിഗണിക്കും.
ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത കാർത്തിയുടെ ചാർട്ടേഡ് അക്കൗണ്ടന്റായ എസ്. ഭാസ്‌കര രാമൻ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ഒഴിവാക്കുന്നതിന് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.
പി. ചിദംബരം ധനമന്ത്രിയായിരിക്കേ ഐ.എൻ.എക്‌സ് മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപത്തിനുള്ള എഫ്.ഐ.പി.ബി ക്ലിയറൻസ് നൽകുന്നതിന് കാർത്തി 10 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്നാണ് സി.ബി.ഐയുടെ കേസ്. 4.5 കോടി രൂപയുടെ വിദേശ നിക്ഷേപത്തിനുള്ള അനുമതിയാണ് കമ്പനിക്ക് ലഭിച്ചതെങ്കിലും 305 രൂപ അനധികൃതമായി കൈപ്പറ്റിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇതുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ ഐ.എൻ.എക്‌സ് മീഡിയ കമ്പനിയുടെ ഡയറക്ടർമാരായ ഇന്ദ്രാണി മുഖർജി (മുംബൈയിൽ മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ ഇപ്പോൾ ജയിലിൽ) ഭർത്താവും കൊലക്കേസിലെ മറ്റൊരു പ്രതിയുമായ പീറ്റർ മുഖർജിയും നൽകിയ മൊഴി കാർത്തിക്ക് എതിരാണ്. കാർത്തിക്ക് കോഴയായി നൽകിയത് 3.1 കോടി രൂപ (ഏഴ് ലക്ഷം ഡോളർ) ആണെന്ന് ഇന്ദ്രാണി മൊഴി നൽകിയിട്ടുണ്ട്.