ന്യൂദൽഹി- മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ ശിക്ഷ റദ്ദാക്കണമെന്ന പ്രതി പേരറിവാളന്റെ അപേക്ഷ തള്ളണമെന്ന് സുപ്രീം കോടതിയിൽ സി.ബി.ഐ. രാജീവ് ഗാന്ധി വധ ഗൂഢാലോചനയിൽ പേരറിവാളിന് പങ്കുള്ളതായി സുപ്രീം കോടതി ശരിവെച്ചിട്ടുള്ളതാണെന്ന് സി.ബി.ഐ വ്യക്തമാക്കി. കേസിൽ ശിക്ഷ ശരിവെച്ച 1999 ലെ വിധി പിൻവലിക്കണമെന്ന അപേക്ഷ പിഴ സഹിതം തള്ളണമെന്നായിരുന്നു സി.ബി.ഐയുടെ ആവശ്യം.
രാജീവ് വധ ഗൂഢാലോചനയിൽ തനിക്ക് പങ്കില്ലെന്നും ശിക്ഷ റദ്ദാക്കണമെന്നുമാണ് 26 വർഷമായി ജയിലിൽ കഴിയുന്ന പേരറിവാളന്റെ ആവശ്യം. 1991 ൽ രാജീവ് ഗാന്ധിയെ വധിക്കാനുപയോഗിച്ച ബോംബ് നിർമ്മിക്കാൻ ബാറ്ററികൾ നൽകിയെന്ന കുറ്റത്തിനാണ് പേരറിവാളനെ കോടതി ശിക്ഷിച്ചത്. പേരറിവാളനെ മോചിതനാക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരായ ഹരജി സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന് മുന്നിലുണ്ട്. ഇക്കാര്യത്തിൽ തങ്ങൾക്ക് തീരുമാനമെടുക്കാനാകില്ലെന്ന് കേന്ദ്ര സർക്കാരും വ്യക്തമാക്കിയിരുന്നു.
രാജീവ് വധ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘമാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. പേരറിവാളന്റെ അപേക്ഷ അംഗീകരിച്ചാൽ കേസ് ആദ്യം മുതൽ തുടങ്ങേണ്ടി വരുമെന്നും ഇതനുവദിക്കാനാവില്ലെന്നും സി.ബി.ഐ അറിയിച്ചു. പേരറിവാളന്റെ അപേക്ഷയിൽ നിലപാടറിയിക്കാൻ ജനുവരി 24 ന് സുപ്രീം കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് സി.ബി.ഐ നിലപാടറിയിച്ചത്.