ലഖ്‌നൗ- ബി.ജെ.പിയുടെ അപ്രതീക്ഷിത നീക്കം യു.പിയില്‍ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലെ എസ്.പി-ബി.എസ്.പി-കോണ്‍ഗ്രസ് സഖ്യ ശ്രമത്തിന് തിരിച്ചടിയായി. അവസരം നിഷേധിക്കപ്പെട്ട സമാജ് വാദി പാര്‍ട്ടി എം.പി നരേഷ് അഗര്‍വാളും മകനും ബി.എസ്.പി എം.എല്‍.എയുമായ നിതിന്‍ അഗര്‍വാളും പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിതിന്‍ അഗര്‍വാള്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യുമെന്ന് നരേഷ് പ്രഖ്യാപിച്ചു.
മുന്‍ മുഖ്യമന്ത്രിയും എസ്.പി അധ്യക്ഷനുമായ അഖിലേഷ് യാദവിനോട് ഏറെ അടുപ്പമുള്ള നേതാവായിരുന്ന അഗര്‍വാളിന്റെ അപ്രതീക്ഷിത കൂറുമാറ്റം എസ്.പി വോട്ടുകളുടെ കരുത്തില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ രാജ്യസഭയിലെത്തിക്കാനുള്ള ബി.എസ്.പിയുടെ ശ്രമത്തിന് തിരച്ചടിയായി. രാജ്യസഭാംഗമായ നരേഷ് അഗര്‍വാളിന്റെ കാലാവധി ഏപ്രില്‍ രണ്ടിനു തീരും. എന്നാല്‍ അഗര്‍വാളിനെ വീണ്ടും രാജ്യസഭയിലേക്കയക്കുന്നതിനു പകരം എസ.്പി ഇത്തവണ ജയാ ബച്ചനെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇതോടെ ഇടഞ്ഞ നരേഷ് ബി.ജെ.പിയിലേക്ക് കളം മാറുകയായിരുന്നു.
നരേഷിന്റെ രാഷ്ട്രീയ കളം മാറല്‍ പ്രതിപക്ഷ കക്ഷികളുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചതോടെ അവസരം മുതലെടുക്കാന്‍ ബി.ജെ.പി ഒമ്പതാമത് രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി അനില്‍ അഗര്‍വാളിനെ പ്രഖ്യാപിച്ചു. ഗാസിയാബാദിലെ എച്ച്.ആര്‍.ഐ.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂട്ട്‌സ് ചെയര്‍മാനാണ് അനില്‍.
നിയമസഭയില്‍ സഖ്യകക്ഷികളുടേതടക്കം 324 എം.എല്‍.എമാരുടെ പിന്തുണയുള്ള ബി.ജെ.പിക്ക് എട്ടു പേരെ അനായാസം രാജ്യസഭയിലേക്ക് അയക്കാന്‍ കഴിയും. ഇവരെ ജയിപ്പിച്ചാല്‍ 28 വോട്ടുകളാണ് ബിജെപിക്ക് ബാക്കിയുണ്ടാകുക. ഈ സ്ഥാനത്തേക്കാണ് ഒമ്പതാം സ്ഥാനാര്‍ഥിയായി അനില്‍ അഗര്‍വാളിനെ ബിജെപി പ്രഖ്യാപിച്ചത്.
ഒരു സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ 37 വോട്ടുകള്‍ ലഭിക്കണം. എസ്.പിക്ക് 47 അംഗങ്ങളാണുള്ളത്. നിലവില്‍ ഒരു അംഗത്തെ മാത്രമെ എസ്.പിക്ക് രാജ്യസഭയിലെത്തിക്കാനാകൂ. ബാക്കി വരുന്ന 10 വോട്ടുകള്‍ ബി.എസ്.പിക്കു നല്‍കാന്‍ ധാരണയിലെത്തിയതായിരുന്നു. എന്നാല്‍ ഇതില്‍ അഗര്‍വാളിന്റെ മകന്‍ നിതിന്‍ അഗര്‍വാളിന്റെ വോട്ട് നഷ്ടമാകുമെന്ന് ഉറപ്പായതോടെ ഒമ്പതു വോട്ടുകള്‍ മാത്രമെ ബാക്കിയുള്ളൂ. 19 അംഗങ്ങള്‍ മാത്രമുള്ള ബി.എസ്.പി കോണ്‍ഗ്രസിന്റെ ഏഴു വോട്ടുകളുടേയും എസ്.പിയുടെ 10 വോട്ടുകളുടേയും ഒരു സ്വതന്ത്ര അംഗത്തിന്റെയും പിന്തുണയോടെ ജയിക്കാമെന്ന കണക്കു കൂട്ടലിലായിരുന്നു. ഒരു എസ്.പി വോട്ട് നഷ്ടമായതോടെ ഇതു പിഴച്ചിരിക്കുകയാണ്. മൂന്ന് സ്വതന്ത്ര എം.എല്‍.എമാര്‍ ബിജെപിയെ പിന്തുണക്കുമെന്ന നിലപാടിലുമാണ്.