കീവ്- യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ യുക്രൈനിലെ സ്‌പോറിഷ്യ ആണവ നിലയത്തിന്റെ നിയന്ത്രണം റഷ്യയുടെ സൈന്യം പിടിച്ചെടുത്തതായി യുക്രൈന്‍ അധികൃതര്‍ അറിയിച്ചു. ഇവിടുത്തെ പവര്‍ യൂനിറ്റുകളുടെ സ്ഥിതിഗതികള്‍ പരിശോധിച്ചു വരികയാണ്. പ്രവര്‍ത്തനം സുരക്ഷ ക്രമീകരണങ്ങള്‍ പാലിച്ചാണെന്ന് ഉറപ്പാക്കാന്‍ ശ്രമിച്ചുവരുന്നതായി യുക്രൈന്‍ അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ ഈ ആണവ നിലയത്തിനു സമീപത്തെ ഒരു അഞ്ചുനില കെട്ടിടത്തിനു നേര്‍ക്ക് റഷ്യ ആക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് ഇവിടെ അഗ്നിബാധയുണ്ടായത് കടുത്ത ആശങ്കയ്ക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നിലയം പൂര്‍ണമായും റഷ്യ പിടിച്ചെടുത്തത്.
അതേസമയം ഈ ആണവ നിലയത്തിലെ റിയാക്ടറുകള്‍ മികച്ച സുരക്ഷ ഉണ്ടെന്നും ഇവ സുരക്ഷിതമായി അടച്ചിട്ടിരിക്കുകയാണെന്നും യുഎസ് ഊര്‍ജ്ജകാര്യ സെക്രട്ടറി ജെനിഫര്‍ ഗ്രാന്‍ഹോം പറഞ്ഞു. നിലയത്തിനു സമീപം റേഡിയേഷന്‍ വ്യാപനത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും അവര്‍ പറഞ്ഞു.