കീവ്- ഉക്രൈൻ തലസ്ഥാനമായ കീവിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റതായി റിപ്പോർട്ട് . കേന്ദ്രമന്ത്രി വികെ സിംഗാണ് ഇക്കാര്യം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞത്. കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല.
വിദ്യാർത്ഥി കീവിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പിൽ പരിക്കേറ്റതെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥിയെ നഗരത്തിലേക്ക് തിരികെ കൊണ്ടുപോയി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോളണ്ടിലുള്ള ജനറൽ വി.കെ. സിംഗ് പറഞ്ഞു.
ചൊവ്വാഴ്ച, ഉക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ പലചരക്ക് കടയ്ക്ക് പുറത്ത് ക്യൂവിൽ നിൽക്കുമ്പോൾ ഇന്ത്യൻ വിദ്യാർത്ഥി ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കർണാടക സ്വദേശിയായ 21 കാരൻ നവീൻ ശേഖരപ്പയാണ് ഭക്ഷണം വാങ്ങുന്നതിനിടെ കൊല്ലപ്പെട്ടത്.
ഉക്രൈനിൽ അവശേഷിക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ പുറത്തെത്തിക്കാൻ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് മന്ത്രി വി.കെ. സിംഗ് പറഞ്ഞു.