കീവ്- റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ക്ഷണിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. ചര്‍ച്ചയ്ക്കായി മുന്നില്‍ വന്നിരിക്കാന്‍ എന്തിനു പേടിക്കണമെന്നും താന്‍ കടിക്കില്ലെന്നും സെലന്‍സ്‌കി പറഞ്ഞു. പുടിനുമായുള്ള ഏതു ചര്‍ച്ചയും വെടിയുണ്ടകളേക്കാള്‍ പ്രധാനമാണമെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഒരേയൊരു വഴി ചര്‍ച്ച മാത്രമാണെന്നും സെലന്‍സ്‌കി പറഞ്ഞു. ചര്‍ച്ചയ്ക്കായി എന്നോടൊപ്പം വന്നിരിക്കൂ, പക്ഷെ 30 മീറ്റര്‍ അകലത്തില്‍ വേണ്ട- സെലന്‍സ്‌കി പറഞ്ഞു. ഫെബ്രുവരി ഏഴിന് ഫ്രഞ്ച് പ്രസിഡന്റുമായി പുടിന്‍ ചര്‍ച്ച നടത്തിയത് നീണ്ട ഒരു മേശയുടെ രണ്ടറ്റത്ത് വളരെ അകലത്തില്‍ ഇരുന്നായിരുന്നു. ഇതു സൂചിപ്പിച്ചാണ് 30 മീറ്റര്‍ അകലം വേണ്ടെന്ന് സെലന്‍സ്‌കി പറഞ്ഞത്.
റഷ്യയുമായി യുക്രൈന്‍ പ്രതിനിധി സംഘം ബെലാറുസില്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ച നടത്തുന്നതിനിടെയാണ് സെലന്‍സ്‌കി പുടിനെ നേരിട്ട് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.