പാരിസ്- യുക്രൈനിലെ പോര് സംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ഫോണില്‍ ചര്‍ച്ച നടത്തി. പുടിന്റെ ലക്ഷ്യം യുക്രൈനെ പൂര്‍ണമായും കീഴ്‌പ്പെടുത്താനാണെന്നും അവിടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനാണ് സാധ്യതയെന്നും മാക്രോ കരുതുന്നതായി അദ്ദേഹവുമായി അടുപ്പമുള്ള ഒരു നേതാവ് പറഞ്ഞു. പുടിന്‍ പറഞ്ഞു പ്രകാരം യുദ്ധം രൂക്ഷമാകാന്‍ പോകുകയാണെന്ന് മാക്രോയുടെ പേരു വെളിപ്പെടുത്താത്ത സഹായി പറഞ്ഞു.
യുക്രൈനിലെ സൈനിക നടപടിയുമായി മുന്നോട്ട് തന്നെ പോകാന്‍ തീരുമാനിച്ചുറപ്പിച്ച പോലെയാണ് പുടിന്റെ നിലപാട്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ യുക്രൈനെ നാസിമുക്തമാക്കുന്നതുവരെ നടപടി തുടരുമെന്നാണ് പുടിന്‍ പറഞ്ഞത്. പുടിനും മാക്രോയും 90 മിനിറ്റ് നീണ്ട ചര്‍ച്ച നടത്തി. സാധാരണക്കാരായ ജനങ്ങളുടെ മരണങ്ങള്‍ ഒഴിവാക്കണമെന്നും മാനുഷിക സഹായങ്ങള്‍ തടയരുതെന്നും മാക്രോ പുടിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യത്തോട് പുടിന്‍ അനുകൂല മറുപടി നല്‍കിയെങ്കിലും ഉറപ്പുകളൊന്നും നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. പുടിന്‍ പലപ്പോഴും അക്ഷമ കാണിക്കാറുണ്ട്. എന്നാല്‍ മാക്രോയുമായുള്ള ചര്‍ച്ചയില്‍ സംഘര്‍ഷത്തിന്റെ അടയാളങ്ങളൊന്നും പ്രകടമായിരുന്നില്ലെന്നും മാക്രോയുടെ സഹായി പറഞ്ഞു.