Sorry, you need to enable JavaScript to visit this website.

ബങ്കറില്‍ തങ്ങുക, റഷ്യന്‍ പഠിക്കുക; യുക്രൈനില്‍ ബാക്കിയായ ഇന്ത്യക്കാര്‍ക്ക് അതിജീവന നിര്‍ദേശങ്ങളുമായി കേന്ദ്രം

ന്യൂദല്‍ഹി- യുക്രൈനില്‍ റഷ്യയുടെ ആക്രമണം കുടുതല്‍ ശക്തിപ്രാപിച്ചതോടെ അവിടെ ബാക്കിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികൂല സാഹചര്യത്തിലും പിടിച്ചുനില്‍ക്കാന്‍ പ്രതിരോധ മന്ത്രാലയം അതിജീവന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നും നിലവിലെ സാഹചര്യത്തില്‍ എങ്ങനെ പിടിച്ചുനില്‍ക്കണമെന്നും സംബന്ധിച്ച നിര്‍ദേശങ്ങളാണിത്. വ്യോമാക്രണവും ഡ്രോണ്‍ ആക്രമണവും മിസൈലുകളും ഷെല്ലിങും സ്‌ഫോടനങ്ങളും വെടിവെപ്പും അടക്കം വളരെ അപകടകരമായ സാഹചര്യം പ്രതീക്ഷിക്കാമെന്ന് കേന്ദ്രം യുക്രൈനിലെ ഇന്ത്യക്കാരോട് പറഞ്ഞു. വൈദ്യുതി, വെള്ളം, ഭക്ഷണം എന്നിവയ്ക്ക് ക്ഷാമം നേരിട്ടേക്കാം. കൊടും തണുപ്പും മാനസിക ആഘാതങ്ങളും ഗതാഗത തടസ്സവും പ്രതീക്ഷിക്കാമെന്നും സൈനികരുമായി നേര്‍ക്കുനേര്‍ നില്‍ക്കേണ്ടതായി വരുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

പരിഭ്രാന്തരാകേണ്ടതില്ലെന്നും ലഭ്യമാകുന്ന എല്ലാ വിവരങ്ങളും ശഖരിച്ച് മറ്റു ഇന്ത്യക്കാരുമായി പങ്കുവെക്കണമെന്നും ചെറു സംഘങ്ങളായി സംഘടിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഈ സംഘങ്ങളുടെ ഏകോപനത്തിന് കൂട്ടത്തില്‍ നിന്നൊരാളെ ചുമതപ്പെടുത്തി ഈ വ്യക്തികള്‍ എംബസ്സി അധികൃതരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തണം. സംഘത്തില്‍ ഇടക്കിടെ തലയെണ്ണണം. സംഘങ്ങളുടെ ലൊക്കേഷന്‍ കണ്‍ട്രോള്‍ റൂമിനെ അറിയിക്കണം. വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി എല്ലാവരുടേയും പേരും ഇന്ത്യയിലെ വിലാസവും മൊബൈല്‍ നമ്പറും ശേഖരിക്കണം. വാട്‌സാപ്പില്‍ ലൊക്കേഷന്‍ കണ്‍ട്രോള്‍ റൂമുമായും എംബസിയുമായും പങ്കിടണം. 

പാസ്‌പോര്‍ട്ട്, ഐഡി കാര്‍ഡ്, അവശ്യ മരുന്നുകള്‍, ജീവന്‍രക്ഷാ മരുന്നുകള്‍, ടോര്‍ച്ച്, തീപ്പെട്ടി, ലൈറ്റര്‍, മെഴുകുതിരി, പണം, എനര്‍ജി ബാറുകള്‍, പവര്‍ ബാങ്ക്, വെള്ളം, പ്രഥമശുശ്രൂഷ കിറ്റ്, കട്ടിത്തൊപ്പി, മഫ്‌ളര്‍, കയ്യുറ, തണുപ്പിനുള്ള ജാക്കറ്റ്, സോക്‌സ്, ഷൂസ് എന്നിവ ഉള്‍പ്പെടുന്ന ഒരു കിറ്റ് കൈവശം എല്ലായ്‌പ്പോഴും സൂക്ഷിക്കുക. ഭക്ഷണവും വെള്ളവും പങ്കിടുക. കയ്യിലുള്ള ഭക്ഷണം ചെറിയ ഭാഗങ്ങളാക്കി കഴിക്കുക. എല്ലാ സംഘങ്ങളും ഒരു വെളുത്ത പതാക സൂക്ഷിക്കുക. റഷ്യന്‍ ഭാഷയില്‍ ചില സംഭാഷണങ്ങള്‍ പഠിക്കുക, ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളാണ് എന്ന് തിരിച്ചറിയാന്‍ സഹായിക്കുക, സമൂഹ മാധ്യമങ്ങളില്‍ കമന്റുകളിടുന്നത് ഒഴിവാക്കുക, ആയുധങ്ങളും പൊട്ടാത്ത ഷെല്ലുകളും എടുക്കരുത്, സൈനിക വാഹനങ്ങള്‍ക്കും സൈനികര്‍ക്കൊപ്പവും നിന്ന് ഫോട്ടോ എടുക്കാതിരിക്കുക, യുദ്ധം ലൈവായി ഷൂട്ട് ചെയ്യാതിരിക്കുക തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ അതിജീവനത്തിനായി യുക്രൈനില്‍ ബാക്കിയായ ഇന്ത്യക്കാര്‍ക്കു നല്‍കിയിരിക്കുന്നത്.

Latest News