കൊച്ചി- നടിയെ ആക്രമിച്ച തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണ്ടിവരുമെന്ന് ക്രൈംബ്രാഞ്ച് വിചാരണ കോടതിയിൽ അറിയിച്ചു. സിനിമാ രംഗത്ത് നിന്നുൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും ക്രൈംബ്രാഞ്ച് കോടതിക്ക് നൽകി. എന്നാൽ കേസിന്റെ തുടരന്വേഷണത്തിൽ ഇതുവരെ എന്താണ് നടന്നതെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് ചോദിച്ചു. ഇത് വരെ നടത്തിയ അന്വേഷണത്തിന്റെ മുഴുവൻ വിവരങ്ങളും നൽകാൻ കോടതി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. ഭാവിയിൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ മാത്രമേ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഉള്ളുവെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. തുടർന്ന് കേസ് അടുത്ത മൂന്നിലേക്ക് പരിഗണിക്കാൻ മാറ്റി.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് നൽകിയിരുന്ന ഒരു മാസത്തെ സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും കൂടുതൽ സമയം വേണമെന്നുമാണ് അന്വേഷണസംഘം ഇന്ന് കോടിതിയോട് ആവശ്യപ്പെട്ടത്. തുടരന്വേഷണത്തിന്റെ മറവിൽ തനിക്കെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് ശ്രമമെന്നും ദിലീപ് ആരോപിച്ചു.തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് നേരത്തെ ഹർജി പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ചില ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധിക്കാനുണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അന്ന് അറിയിച്ചിട്ടുള്ളത്. ഇതേത്തുടർന്ന് കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി വിചാരണക്കോടതി സുപ്രീംകോടതിയോട് തേടിയിട്ടുണ്ട്.