Sorry, you need to enable JavaScript to visit this website.

ബി.ജെ.പി വനിതാ നേതാവിന്റെ ഉക്രൈനിലേക്കുള്ള വിളി തട്ടിപ്പ്, കോണ്‍ഗ്രസ് പൊളിച്ചുകൊടുത്തു

ഭോപ്പാല്‍- ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ചെയ്ത സഹായത്തിനു നന്ദി പറഞ്ഞും എല്ലാവരേയും ഉടന്‍ തന്നെ വീട്ടിലെത്തിക്കുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചുമുള്ള ബി.ജെ.പി വനിതാ നേതാവിന്റെ വീഡിയോ കോള്‍ തട്ടിപ്പ്.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച മധ്യപ്രദേശ് മുന്‍ മന്ത്രിയുടെ വീഡിയോ പൊളിച്ച് കൈയില്‍ കൈയില്‍ കൊടുത്തിരിക്കയാണ് കോണ്‍ഗ്രസ്. നമ്പര്‍ മാറിപ്പോയതാണന്ന വിശദീകരണവുമായി ബി.ജെ.പിയുട വനിതാ നേതാവ് രംഗത്തുണ്ട്.

നമസ്‌തേ, ഞാന്‍ മധ്യപ്രദേശിലെ മുന്‍മന്ത്രിയാണെന്ന് പരിചയപ്പെടുത്തിയാണ് ബി.ജെ.പി നേതാവ് രഞ്ജന ഭാഗേലിന്റെ കോള്‍. കേട്ടാല്‍ ഉക്രൈനില്‍ കുടുങ്ങിയവരോടും അവരെ സഹായിച്ചയോളോടുമാണ് സംസാരിക്കുന്നതെന്നാണ് ആരും കരുതുക.

എന്നാല്‍ യഥാര്‍ഥത്തില്‍ അവര്‍ നന്ദി പറയുന്നത് ധര്‍ ജില്ലയിലെ ഗന്ധ്വാനി പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറോടാണ്.
ഉക്രൈന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ ആയിരക്കണക്കിനു വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ ആശങ്കയോടെ കഴിയുമ്പോള്‍ ബി.ജെ.പി നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഗംഗക്ക് പ്രചാരണം നല്‍കി മുതലെടുക്കാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

വീഡിയോ തട്ടിപ്പാണെന്ന വാര്‍ത്ത പ്രചരിച്ചതോടെ തട്ടിപ്പല്ലെന്നും അഭിനയമല്ലെന്നും പറഞ്ഞ് രഞ്ജന ഭാഗേല്‍ രംഗത്തുവന്നു. മധ്യപ്രദേശിലെ ധര്‍, ബദ്‌വാനി ജില്ലകളില്‍നിന്നുള്ള വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുന്നതിന് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യമായി നിരന്തരം ബന്ധപ്പെട്ടുവരികയായിരുന്നു. ധറിലെ രണ്ട് വിദ്യാര്‍ഥികളുടെ നമ്പര്‍ മന്ത്രക്ക് നല്‍കുകയും ചെയ്തിരുന്നു.

ഇവരില്‍ ഒരാളായ ഹരിഓം ചോവലുമായി സംസാരിക്കുമ്പോഴാണ് സഹായിച്ച സെക്യൂരിറ്റിക്കാരന്‍ അടുത്തുണ്ടെന്നും അദ്ദേഹത്തിനു സംസാരിക്കണമെന്നും പറഞ്ഞത്. എന്നാല്‍ ഫോണ്‍ കട്ടായിപ്പോയി. വീണ്ടും ട്രൈ ചെയ്തപ്പോള്‍ കോള്‍ മറ്റൊരു ഹരിഓമിനു പോകുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

നേരത്ത നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ കോണ്‍ഗ്രസ് ഐ.ടി സെല്ലിലെ ഒരാളാണ് വീഡിയോ വൈറലാക്കിയതിനു പിന്നിലെന്നും അവര്‍ ആരോപിച്ചു.

ഉക്രൈനിലെ ഒഴിപ്പിക്കലില്‍ ബി.ജെ.പി രാഷ്ടീയം കളിക്കുകയാണെന്നും ഇത് ലജ്ജാകരമാണെന്നും കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജ പറഞ്ഞു. മുന്‍ മന്ത്രിയായ രഞ്ജന ഭാഗേല്‍ സംസാരിച്ചത് ഒരു പ്രാദേശിക പത്രപ്രവര്‍ത്തകനോടാണ്. കുട്ടികളെ സഹായിച്ചതിന് നന്ദി അറിയിച്ചത് മാനവറിലുള്ള പോലീസുകാരനോടും. ജനങ്ങളെ വിഡ്ഢികളാക്കുകയാണന്നും ബി.ജെ.പി ഇത്തരം നുണകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണന്നും നരേന്ദ്ര സലൂജ പറഞ്ഞു.

 

Latest News