Sorry, you need to enable JavaScript to visit this website.

ഉക്രൈനിലെ ഇന്ത്യൻ നടപടിയിൽ കേന്ദ്രത്തെ പിന്തുണച്ച് പ്രതിപക്ഷം

ന്യൂദൽഹി- ഉക്രൈനിലെ സാഹചര്യങ്ങളെക്കുറിച്ചും ഇന്ത്യക്കാരുടെ മടക്കത്തെക്കുറിച്ചും വിദേശകാര്യ സമിതിയിൽ കേന്ദ്ര സർക്കാർ നൽകിയ വിദശീകരണത്തിൽ തൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷം. കോൺഗ്രസ് എം.പിമാരായ രാഹുൽ ഗാന്ധിയും ശശി തരൂരും ആനന്ദ് ശർമയും ഉൾപ്പടെ ആറു രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഒൻപത് എം.പിമാരാണ് യോഗത്തിൽ പങ്കെടുത്തത്. രക്ഷാ ദൗത്യത്തിൽ ഉൾപ്പടെ പ്രതിപക്ഷം സർക്കാരിനെതിരേ അതിരൂക്ഷ വിമർശനം നടത്തുന്നതിനിടെയാണ് ഇക്കാര്യത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിശദീകരണം നൽകിയത്. തന്ത്രപരവും മനുഷ്യത്വപരവുമായ കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
    യോഗത്തിന് ശേഷം എല്ലാവരും ഒറ്റക്കെട്ടാണെന്ന് തരൂരും ഐക്യത്തിന്റെ സന്ദേശമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ട്വീറ്റ് ചെയ്തു. സമിതിയുടെ അധ്യക്ഷനും എസ്. ജയശങ്കർ തന്നെയാണ്. വിദേശ കാര്യ സെക്രട്ടറി ഹർഷവർധൻ ശ്രിംഖലയ്‌ക്കൊപ്പമാണ് മന്ത്രി സമിതിക്കു മുന്നിൽ കാര്യങ്ങൾ അവതരിപ്പിച്ചത്. യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾ നേരിട്ട ദുരിതങ്ങളെക്കുറിച്ച് സമിതിയിൽ ശിവസേനയുടെ രാജ്യസഭ എംപി പ്രിയങ്ക ചതുർവേഥി സർക്കാരിനെ ചോദ്യം ചെയ്തു. 
    യോഗത്തിൽ ചർച്ച ചെയ്തു പല നിർണായക വിവരങ്ങളും പരസ്യമായി പങ്കു വെക്കാനാകില്ലെന്ന് ശശി തരൂർ പിന്നീട് വ്യക്തമാക്കി. എങ്കിലും, വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് പത്രക്കുറിപ്പ് ഇറക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യോഗം വളരെ കാര്യക്ഷമം ആയിരുന്നു. വിശാലമായ ചർച്ചകൾ നടന്നു. ദേശീയ താത്പര്യം മുന്നിട്ടു വരുമ്പോൾ എല്ലാ ഇന്ത്യക്കാരും ഒറ്റക്കെട്ടാണെന്നും തരൂർ വ്യക്തമാക്കി.
 

Latest News