കീവ്- ഉക്രൈന് നേരെയുള്ള റഷ്യയുടെ അധിനിവേശം രണ്ടാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോഴും ആക്രമണം കടുപ്പിച്ച് റഷ്യ. ഉക്രൈനിലെ തന്ത്രപ്രധാന നഗരങ്ങളിൾ ശക്തമായ ആധിപത്യം സ്ഥാപിച്ചാണ് റഷ്യ മുന്നേറുന്നത്. എന്നാൽ, റഷ്യക്കെതിരെ മുഴുവൻ ശക്തിയും ഉപയോഗിച്ച് പൊരുതുകയാണെന്നും തോറ്റുകൊടുക്കില്ലെന്നും ആവർത്തിച്ച് ഉക്രൈനും രംഗത്തുണ്ട്. അതേസമയം, ഉക്രൈനിലേക്കുള്ള സൈനിക നടപടി ഇത്രയും ദിവസം നീണ്ടുനിന്നത് റഷ്യക്കേറ്റ കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്. തന്ത്രപരമായ പരാജയം എന്നാണ് റഷ്യൻ പരാജയത്തെ വിലയിരുത്തുന്നത്. കീവിന് വടക്കുള്ള ഹൈവേയിൽ റഷ്യൻ സൈനിക വ്യൂഹം ദിവസങ്ങളോളം മുന്നോട്ടുനീങ്ങാനാകാതെ സ്തംഭിച്ചുനിന്നു. നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലെ തരിശുഭൂമികളിലേക്ക് വരെ റഷ്യൻ സൈന്യം ബോംബെറിഞ്ഞുവെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുദ്ധം നീണ്ടുനിന്നതോടെ നിരവധി അന്താരാഷ്ട്ര ബ്രാൻഡുകൾ റഷ്യയിൽനിന്ന് തങ്ങളുടെ സാന്നിധ്യം പിൻവലിപ്പിച്ചു. റഷ്യൻ നാണയമായ റൂബിളിന് ചരിത്രത്തിൽ ഇന്നോളമില്ലാത്ത വിധം ആഗോളവിപണിയിൽ മൂല്യം ഇടിയുകയും ചെയ്തു.
ഉക്രൈന് എതിരായ റഷ്യയുടെ ആക്രമണം ഇന്നലെ രാത്രി മുതൽ കടുപ്പിച്ച നിലയിലാണ്. അർദ്ധരാത്രി മുതൽ ഉക്രൈന് എതിയാ മോസ്‌കോയുടെ ഷെല്ലാക്രമണത്തിന് ഒരു വിശ്രമവും ഉണ്ടായിട്ടില്ലെന്ന് പ്രസിഡന്റ് സെലെൻസ്‌കി തന്റെ ഏറ്റവും പുതിയ വീഡിയോയിൽ പറഞ്ഞു. പ്രധാന നഗരങ്ങളിൽ ബോംബാക്രമണം തുടരുന്ന റഷ്യ സിവിലിയൻ കേന്ദ്രങ്ങളെയും വെറുതെവിടുന്നില്ല. ഉക്രൈനിലെ ദശലക്ഷങ്ങൾ മാരകമായ കെടുതിയിലാണെന്ന് യു.എൻ മനുഷ്യാവകാശ കമ്മീഷനിലെ അംഗം വ്യക്തമാക്കി.
ചില വിദേശ നേതാക്കൾ റഷ്യയ്ക്കെതിരായ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും എന്നാൽ അവസാനം വരെ ഉക്രെയ്നിലെ സൈനിക നടപടിയുമായി മുന്നോട്ട് പോകുമെന്നും ററഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. പാശ്ചാത്യ രാഷ്ട്രീയക്കാരുടെ തലയിലാണ് ആണവചിന്ത നിരന്തരം കറങ്ങിക്കൊണ്ടിരിക്കുന്നതെന്നും റഷ്യക്കാരുടെ തലയിൽ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.