മോസ്‌കോ- പാശ്ചാത്യ രാജ്യങ്ങളിലെ നേതാക്കള്‍ ആണവ യുദ്ധത്തില്‍ നോട്ടമിട്ടിരിക്കുകയാണെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവിന്റെ ആരോപണം. മൂന്നാം ലോക യുദ്ധം ആണവു യുദ്ധം തന്നെയായിരിക്കുമെന്നും വിവിധ മാധ്യമങ്ങളുമായി ഓണ്‍ലൈനില്‍ നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു. പാശ്ചാത്യ നേതാക്കളാണ് ആണവയുദ്ധത്തെ കുറിച്ച് ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത്, റഷ്യക്കാരല്ലെന്നും തങ്ങളെ പ്രകോപിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫ്രഞ്ച് ചക്രവര്‍ത്തി നെപോളിയന്‍ ബോണപാര്‍ട്ടും ജര്‍മന്‍ ഏകാധിപതി ഹിറ്റ്‌ലറും അവരുടെ കാലത്ത് യൂറോപ്പിനെ കീഴടക്കാനുള്ള ചുമതല സ്വയം ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ യുഎസ് ആണ് ആ ജോലി ഏറ്റെടുത്തിരിക്കുന്നതെന്നും ലവ്‌റോവ് പറഞ്ഞു.
യുക്രൈന്‍ അധിനിവേശം ആരംഭിച്ചതിനു തൊട്ടുപിന്നാലെ ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ സൈന്യത്തിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ലോകത്ത് ഏറ്റവും വലിയ ആണവായുധ ശേഖരവും ആണവ മിസൈലുകളും സ്വന്തമായുള്ള രാജ്യമാണ് റഷ്യ.