Sorry, you need to enable JavaScript to visit this website.

വമ്പന്‍ റഷ്യന്‍ മിസൈലുകള്‍ വാങ്ങുന്ന ഇന്ത്യയും യുഎസ് ഉപരോധം നേരിടേണ്ടി വരുമോ? 

ന്യൂദല്‍ഹി- യുക്രൈനില്‍ അധിനിവേശം നടത്തി യുദ്ധം ചെയ്യുന്ന റഷ്യയ്‌ക്കെതിരെ യുഎസും പാശ്ചാത്യ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധം റഷ്യയുടെ ഉറ്റസൗഹൃദ രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്കു ബാധകമാകുമോ? റഷ്യ നിര്‍മിക്കുന്ന ലോകത്തെ ഏറ്റവും അത്യാധുനികമായ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 എന്ന ട്രയംഫ് മിസൈലുകൾ വൻതോതിൽ ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉപരോധം ഇന്ത്യയേയും ബാധിക്കുമോ എന്ന സംശയം ഉയരുന്നത്. ഇന്ത്യയ്ക്ക് ഇളവ് നല്‍കേണ്ടതുണ്ടോ, ഉപരോധമേര്‍പ്പെടുത്തേണ്ടതുണ്ടോ എന്നതു സംബന്ധിച്ച് യുഎസ് വൈകാതെ തീരുമാനമെടുക്കുമെന്നാണ് റിപോര്‍ട്ട്. യുഎസിന്റെ പ്രധാന പ്രതിരോധ പങ്കാളികളില്‍ ഒന്നാണ് ഇന്ത്യയും. 

ഇറാന്‍, ഉത്തര കൊറിയ, റഷ്യ എന്നീ രാജ്യങ്ങളുമായി കാര്യമായ ഇടപാടുകള്‍ നടത്തുന്ന ഏതു രാജ്യത്തിനെതിരേയും ഉപരോധമേര്‍പ്പെടുത്തണമെന്നാണ് യുഎസില്‍ നിലവിലുള്ള കാറ്റ്‌സ നിയമം (Countering America's Adversaries through Sanctions Act) അനുശാസിക്കുന്നത്. ഇതൊരു കടുത്ത യുഎസ് നിയമമാണ്. 2014ല്‍ യുക്രൈനില്‍ നിന്ന് ക്രൈമിയ പിടിച്ചെടുക്കുകയും 2016ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടുകയും ചെയ്തതിന് റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഈ നിയമം ശക്തമായി പ്രയോഗിച്ചു വരുന്നുണ്ട്. റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുകയും പ്രതിരോധ ഇടപാടുകള്‍ നടത്തുകയും ചെയ്യുന്ന എല്ലാ രാജ്യങ്ങള്‍ക്കുമെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ യുഎസ് ഭരണകൂടത്തിന് ഈ നിയമം അധികാരം നല്‍കുന്നു. അപ്പോൾ റഷ്യയിൽ നിന്ന് എസ്-400 മിസൈലുകൾ വാങ്ങുന്ന ഇന്ത്യയുടെ കാര്യത്തിൽ യുഎസ് എന്തു നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

റഷ്യയില്‍ നിന്ന് എസ്-400 മിസൈല്‍ സംവിധാനം വാങ്ങുന്ന ഇന്ത്യയ്‌ക്കെതിരെ ഈ നിയമപ്രകാരം ഉപരോധം ഏര്‍പ്പെടുത്താനുള്ള സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ പ്രസിഡന്റ് ജോ ബൈഡനാണ് തീരുമാനം എടുക്കുക എന്നാണ് യുഎസ് വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി ഡൊനള്‍ഡ് ലു പറഞ്ഞത്. യുഎസ് ഭരണകൂടം കാറ്റ്‌സ നിയമം പിന്തുടരുകയും പൂര്‍ണമായും നടപ്പിലാക്കുകയും ചെയ്യുമെന്നും കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്ത് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യ യുഎസിന്റെ ഒരു സുപ്രധാന സുരക്ഷാ പങ്കാളിയാണിപ്പോള്‍. ഈ കൂട്ടുകെട്ട് മുന്നോട്ടു കൊണ്ടുപോകും. റഷ്യ ഇപ്പോള്‍ നേരിടുന്ന കടുത്ത വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് കൂടുതല്‍ അകലം പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ ബാങ്കുകള്‍ക്കുമേല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ റഷ്യയില്‍ നിന്ന് ഇപ്പോള്‍ ഒരു രാജ്യത്തിനും വലിയ ആയുധങ്ങള്‍ വാങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News