ന്യൂദല്‍ഹി- ഉക്രൈന്‍ സര്‍വ്വകലാശാലകളിലെ 20,000-ത്തോളം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനം തുടരാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടിവരും. റഷ്യന്‍ അധിനിവേശം അന്തര്‍ദ്ദേശീയ വിദ്യാര്‍ഥികളുടെ അക്കാദമിക് യാത്രകളെ താറുമാറാക്കിയിരിക്കുകയാണ്.
യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന, ഇനിയും ഒരുപാട് കാലം അതിന്റെ അനന്തരഫലങ്ങള്‍ പ്രതീക്ഷിക്കുന്ന ഉക്രൈന്‍ അനിശ്ചിതത്വത്തിലാക്കുന്നത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്‌നങ്ങളാണ്. വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി കൊണ്ടുവരികയെന്നതിനാണ് ഇപ്പോള്‍ പ്രാധാന്യമെങ്കിലും ഈ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ തുടര്‍ച്ചക്കായി സര്‍ക്കാരുകള്‍ പദ്ധതി ആവിഷ്‌കരിക്കേണ്ടിവരും.
ഉക്രൈനില്‍ എം.ബി.ബി.എസ് കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിന് നൂറുകണക്കിന് ഇന്ത്യക്കാരെ സഹായിച്ചിട്ടുള്ള വിദേശ പഠന കണ്‍സള്‍ട്ടന്റായ രവി കുമാര്‍ കൗള്‍ പറയുന്നത് വിദ്യാര്‍ഥികള്‍ക്ക് അധ്യയന വര്‍ഷം നഷ്ടപ്പെടില്ലെന്നാണ്. കാരണം ദേശീയ മെഡിക്കല്‍ കമ്മീഷന്‍ മറ്റ് സര്‍വകലാശാലകളിലേക്ക് മാറ്റാന്‍ അനുവദിക്കും.
ഉക്രൈനിലെ സ്ഥിതി ഓരോ നിമിഷവും മാറുകയാണ്. വിദ്യാര്‍ഥികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുക എന്നതാണ് പ്രാഥമികമായ കാര്യം. ഗൂഗിള്‍ ഫോമുകള്‍ വഴി ഉക്രൈ്‌നില്‍ എന്റോള്‍ ചെയ്തിട്ടുള്ള എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച ശേഖരിച്ചു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ സ്ഥിതി മെച്ചപ്പെടുകയാണെങ്കില്‍, അവര്‍ക്ക് സുരക്ഷിതമായി അവരുടെ സര്‍വകലാശാലകളിലേക്ക് മടങ്ങാം. അല്ലെങ്കില്‍ മറ്റ് ഓപ്ഷനുകള്‍ തേടേണ്ടിവരും. മറ്റ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ സര്‍വകലാശാലകളിലേക്ക് പ്രവേശനം തേടുകയാണ് ഒരു മാര്‍ഗം- ഗാസിയാബാദില്‍ കണ്‍സള്‍ട്ടന്‍സി നടത്തുന്ന കൗള്‍ പറഞ്ഞു.
എന്നാല്‍ ഇത്തരം ട്രാന്‍സ്ഫറുകളുടെ നടപടിക്രമം വളരെ സങ്കീര്‍ണവും പണച്ചെലവുള്ളതുമാണ്. മാത്രമല്ല, സെമസ്റ്ററുകളോ വര്‍ഷം തന്നെയോ നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. എന്തായാലും ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന കാര്യമായതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ ഇതിനായി ശ്രമമുണ്ടാകുമെന്ന് തന്നെയാണ് വിദ്യാര്‍ഥികള്‍ പ്രതീക്ഷിക്കുന്നത്.