മുംബൈ- മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്ന് ആരംഭിച്ച കര്‍ഷക സമരം മുംബൈ നഗരത്തിലെത്തിയതോടെ ബിജെപി സര്‍ക്കാരിനെതിരെ പൊതുവികാരം ഉയരാതിരിക്കാന്‍ എണ്ണയിട്ട യന്ത്രം പോലെ സംഘ്പരിവാര്‍ സോഷ്യല്‍ മീഡിയ പോരാളികള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. സാമൂഹിക മാധ്യമങ്ങളില്‍ ഏതൊക്കെ രീതിയില്‍ സമരത്തെ വിലകുറച്ചു കാണണമെന്നും താറടിക്കണമെന്നും അടക്കമുള്ള വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങളാണ് ബിജെപി-ആര്‍എസ്എസ് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പരക്കുന്നത്. കര്‍ഷക സമരം സംബന്ധിച്ച് ഏതൊക്കെ തരത്തില്‍ ട്വീറ്റുകളും പോസ്റ്റുകളും ചെയ്യണമെന്നാണ് ഹാഷ് ടാഗ് അടക്കമുള്ള സന്ദേശത്തില്‍ പറയുന്നത്.
ബിജെപിയെ പിന്തുണക്കുന്ന പോസ്റ്റുകളും ഹാഷ് ടാഗുകളും അടങ്ങിയ 22 പേജുള്ള ഗുഗിള്‍ ഡോക്യൂമെന്റ് ഫയല്‍ ആയാണ് ഇത് വാട്സാപ്പിലൂടെ പ്രചരിപ്പിക്കുന്നത്. #KisanThanksDevendra എന്ന ഹാഷ് ടാഗ് ട്വിറ്റര്‍ ട്രെന്‍ഡിങില്‍ മുന്നിലെത്തിക്കണമെന്ന നിര്‍ദേശമാണ് സന്ദേശത്തിലുള്ളത്. ഈ ഹാഷ് ടാഗ് വെച്ച് മഹാരാഷ്ട്ര ബിജെപി സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ദേവേന്ദ്ര ഫഡ്നാവിസിനെ അനുകൂലിച്ച നിരവധി പോസ്റ്റുകളാണ് ഇതിലുള്ളത്.
ലോംഗ് മാര്‍ച്ചുമായി സമര രംഗത്തുള്ള അരലക്ഷേത്തോളം കര്‍ഷകരില്‍ ധ്രുവീകരണം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള ചോദ്യങ്ങളും ചില പോസ്റ്റുകളില്‍ ഉന്നയിക്കുന്നു. ത്രിപുരയിലെ പരാജയം മൂലമാണ് ഇടതു പക്ഷം പെട്ടെന്നോരു കര്‍ഷക സമരം തട്ടിക്കൂട്ടിയിരിക്കുന്നത് എന്നടക്കമുള്ള വാദങ്ങളുമായാണ് ഭിന്നിപ്പിന് ശ്രമിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ചും പോസ്റ്റുകളുണ്ട്.
സര്‍വ സജ്ജമായ ബിജെപിയുടെ സോഷ്യല്‍ മീഡിയ സംഘം ചടുല നീക്കങ്ങളിലൂടെ കൃത്യസമയത്ത് തന്നെ ഇത്തരം നിര്‍ദേശങ്ങള്‍ പാര്‍ട്ടി അണികളിലെത്തിച്ചാണ് എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കുന്നതും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ മുന്നിലെത്തുന്നതും.