കൊച്ചി- ഉക്രൈനില്‍നിന്നു ദല്‍ഹിയിലും മുംബൈയിലുമായി എത്തുന്ന വിദ്യാര്‍ഥികളെ കേരളത്തിലേക്ക് കൊണ്ടുവരാനായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ സജ്ജമാക്കിയതായി നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ഉക്രൈനില്‍ കുടങ്ങിയ 247 മലയാളി വിദ്യാര്‍ഥികളെ മാര്‍ച്ച് ഒന്ന് വരെ തിരിച്ചെത്തിക്കാനായെന്ന് പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.
നോര്‍ക്ക റൂട്ട്സ് ആസ്ഥാനത്ത് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. തിരിച്ചെത്തുന്നവരെ സ്വീകരിക്കാന്‍ മുംബൈയിലും ദല്‍ഹിയിലും നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്ക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം നാലിന് പുറപ്പെടുന്ന എയര്‍ ഏഷ്യയുടെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ ഇവരെ സൗജന്യമായി കൊച്ചിയിലെത്തിക്കും. കൊച്ചിയില്‍ ഇറങ്ങുന്ന വിദ്യാര്‍ഥികളെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ എത്തിക്കാനുള്ള വാഹന സൗകര്യവും നോര്‍ക്ക ഒരുക്കും. തിരുവന്തപുരത്തേക്കും കാസര്‍കോട്ടേക്കും പോകുന്നതിനുള്ള ബസ്സുകള്‍ സജ്ജമാക്കിക്കഴിഞ്ഞു
വിദേശത്ത് പഠിക്കാന്‍ പോകുന്നവരുടെ കൃത്യമായ പേരുവിവരം നോര്‍ക്കയുടെ കൈയ്യില്‍ ഇല്ല. 3500-ലേറെ വിദ്യാര്‍ഥികള്‍ ഉക്രൈനില്‍നിന്നു മടങ്ങിയെത്താനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ 152 പേര്‍ മാത്രമാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഉക്രൈനില്‍ പഠനത്തിനായി പോയതെന്ന് ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. വിദേശത്ത് പോകുന്ന എല്ലാവരും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.