കാന്‍ബെറ- ലോട്ടറി ഓഫീസില്‍നിന്നാണെന്നു പറഞ്ഞുള്ള ഫോണ്‍ കാളുകള്‍ കബളിപ്പിക്കാനാണെന്ന് കരുതി അവഗണിച്ച ഓസ്‌ട്രേലിയന്‍ വനിതക്ക് ലഭിച്ചത് ഒരു ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ (എതാണ്ട് 54.97 ലക്ഷം രൂപ) സമ്മനം.
ന്യൂ സൗത്ത് വെയില്‍സ് സ്വദേശിനി ലോട്ടറി വെബ് സൈറ്റില്‍നിന്ന് ഫെബ്രുവരി 25 നാണ് ടിക്കറ്റ് വാങ്ങിയിരുന്നത്. എന്നാല്‍ നറുക്കെടുപ്പ് തീയതിക്കുശേഷം ലോട്ടറി അക്കൗണ്ട് നോക്കാന്‍ മറന്നു.
ലോട്ടറി ഉദ്യോഗസ്ഥര്‍ വിളിച്ചെങ്കിലും തട്ടിപ്പാണെന്ന് കരുതി മറുപടി നല്‍കിയില്ല. ഇവര്‍ക്ക് ലോട്ടറി അധികൃതര്‍ ഇമെയിലും അയച്ചിരുന്നു. ഒരു ലക്ഷം ഡോളറിനു പുറമെ ആയിരം ഡോളറിന്റെ പ്രോത്സാഹന സമ്മാനവും ഇവര്‍ക്ക് ലഭിച്ചിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കുശേഷം ഓണ്‍ലൈന്‍ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ലക്ഷം ഡോളര്‍ സമ്മാനമടിച്ച വിവരം കാണുന്നത്. ഉടന്‍ തന്നെ ഭര്‍ത്താവിനടുത്ത് പോയി വീണ്ടും അക്കൗണ്ട് പരിശോധിച്ച് ഉറപ്പുവരുത്തി.
ലോട്ടറി അടിച്ച പണം എങ്ങനെ ചെലവഴിക്കണമെന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അവര്‍ പറഞ്ഞു.
പത്ത് വര്‍ഷമായി ലോട്ടറി ടിക്കറ്റെടുക്കുന്ന തനിക്ക് ആദ്യമായാണ് വലിയൊരു സമ്മാനമടിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.