ദുബായ്- കാന്‍സറിനെ അതിജീവിച്ച അമ്മ 52 ാം വയസ്സില്‍ വീണ്ടും വിവാഹം ചെയ്തുവെന്ന പ്രവാസി യുവാവിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ദുബായിലുള്ള ഇന്ത്യക്കാരന്‍ ജിമീത് ഗാന്ധിയാണ് അമ്മയുടെ പ്രണയത്തെ കുറിച്ചും തുടര്‍ന്നുള്ള വിവാഹത്തെ കുറിച്ചും ലിങ്ക്ഡ് ഇനില്‍ പോസ്റ്റ് ചെയ്തത്.
44 ാം വയസ്സില്‍ ഭര്‍ത്താവിനെ നഷ്ടമായ അമ്മക്ക് 2019 ല്‍ കാന്‍സര്‍ കണ്ടെത്തിയെന്നും അതിനെ അതിജീവിച്ച പോരാളിയാണ് അവരെന്നും മകന്‍ കുറിച്ചു.
2013 ലാണ് ഭര്‍ത്താവ് മരിച്ചത്. 2019 ല്‍ സ്തനാര്‍ബുദം സ്ഥിരീകരിക്കുമ്പോള്‍ മൂന്നാം സ്‌റ്റേജിലായിരുന്നു. കീമോകള്‍ പൂര്‍ത്തിയാക്കി രണ്ടുവര്‍ഷത്തിനുശേഷം സുഖംപ്രാപിച്ചെങ്കിലും വിഷാദത്തിനും ഉല്‍കണ്ഠക്കും അടിപ്പെട്ടിരുന്നു.
മക്കള്‍ ജോലി ആവശ്യാര്‍ഥം പലയിടങ്ങളിലായിരുന്നുവെങ്കിലും തനിച്ചു പോരാടിയ അമ്മ വിജയം വരിച്ചു. അവര്‍ ഒരിക്കലും വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല. ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ മുന്‍ധാരണകളും തിരുത്തിയാണ് ഇഷ്ടപ്പെട്ടയാളെ അവര്‍ 52 ാം വയസ്സില്‍ വരിച്ചത്.
ജീവിതത്തില്‍ തനിച്ചായിപ്പോകുന്ന മാതാപിതാക്കളെ പങ്കാളികളെ കണ്ടെത്താന്‍ സഹായിക്കണമെന്നും പിന്തുണക്കണമെന്നും ആവശ്യപ്പെടുന്ന കുറിപ്പിന് പതിനായിരക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്. കുടുംബത്തിന് ആശംസ നേരുന്നതിന് സാമുഹിക മാധ്യമ ഉപയോക്താക്കള്‍ മത്സരിച്ചു.