Sorry, you need to enable JavaScript to visit this website.

സംപ്രേഷണ വിലക്കിനെതിരെ മീഡിയ വണ്‍ സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി- സംപ്രേഷണ വിലക്കിനെതിരെ മീഡിയ വണ്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് സുപ്രീം കോടതിയെ സമീപിച്ചു. ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് അഭിഭാഷകര്‍ വഴി നാളെ സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ആവശ്യം ഉന്നയിക്കുക.

സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്ക് എതിരെ മണിക്കൂറുകള്‍ക്കമാണ് അഭിഭാഷകരായ ഹാരിസ് ബീരാന്‍, പല്ലവി പ്രതാപ് എന്നിവര്‍ മുഖേനെ മീഡിയ വണ്‍ സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായ ശേഷം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കക്ഷികളായ തങ്ങളെ അറിയിക്കാതെ ആഭ്യന്തര വകുപ്പിന്റെ ഫയലുകള്‍ നോട്ടീസ് അയച്ച് വിളിപ്പിച്ച് വരുത്തിയ ശേഷം പരിശോധിച്ചതിനെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ മീഡിയ വണ്‍ ചോദ്യം ചെയ്യുന്നുണ്ട്.

ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സില്ലെന്നതിന്റെ പേരിലായിരുന്നു ചാനലിന്റെ സംപ്രേഷണം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ജനുവരി 31 ന് വിലക്കിയത്. ഇതിന് എതിരെ മീഡിയ വണ്‍ നല്‍കിയ ഹരജി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു.

 

Latest News