ന്യൂദല്‍ഹി-വിവിധ സംസ്ഥാനങ്ങളിലായി 1,765 എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ 3,816 ക്രിമിനല്‍ക കേസുകള്‍ നിലവിലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 23 ഹൈക്കോടതികളില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്കില്‍ മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലെ കേസുകള്‍ ഉള്‍പ്പെട്ടിട്ടില്ല. മണിപ്പൂര്‍, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ അംഗങ്ങള്‍ക്കെതിരെ ഒരു ക്രിമിനല്‍ കേസു പോലുമില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ള നിയമനിര്‍മാണ സഭാംഗങ്ങളുടെ കാര്യത്തില്‍ ഉത്തര്‍ പ്രദേശാണ് ഒന്നാം സ്ഥാനത്ത്. യുപിയില്‍ 248 എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ 565 കേസുകളാണ് നിലവിലുള്ളത്. കെട്ടിക്കിടക്കുന്ന കേസുകളുടെ കാര്യത്തിലും യുപി ആണ് മുന്നില്‍. 539 കേസുകള്‍.
യുപിയെ അപേക്ഷിച്ച് ചെറിയ സംസ്ഥാനമായ കേരളമാണ് രണ്ടാം സ്ഥാനത്ത്. കേരളത്തിലെ 114 പാര്‍ലമെന്റ്, നിയമസഭാ അംഗങ്ങള്‍ക്കള്‍ക്കെതിരെ 533 കേസുകളാണ് നിലവിലുള്ളത്. കേരളത്തില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ 373. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ 402 കേസുകളാണ് 178 എംപമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ നിലവിലുള്ളത്.
കേന്ദ്ര നിയമമന്ത്രാലയം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ കണക്കുകള്‍ അറിയിച്ചത്. ബോംബെ ഹൈക്കോടതിയിലില്‍ നിന്നുള്ള മറുപടി ലഭിക്കാത്തതിനാല്‍ മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലെ കണക്കുകള്‍ ലഭ്യമായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. 2017 നവംബര്‍ ഒന്നിനാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ സര്‍ക്കാരില്‍നിന്ന് ആവശ്യപ്പെട്ടത്. 23 ഹൈക്കോടതികളും ഏഴ് നിയമസഭകളും 11 സര്‍ക്കാരുകളുമാണ് എവിവരങ്ങള്‍ നല്‍കിയത്.