മുംബൈ- കടബാധ്യതയും കൃഷി നാശവും മൂലം ജീവിതം വഴിമുട്ടിയ മഹാരാഷ്ട്രയിലെ കർഷകർക്കു വേണ്ടി നാസിക്കിൽ നിന്നും 180 കിലോമീറ്റർ കാൽനടയായി മാർച്ച് ചെയത് എത്തിയ പതിനായിരക്കണക്കിന് കർഷകർക്ക് മുംബൈ നഗരവാസികൾ നൽകിയത് ഊഷ്മള വരവേൽപ്പ്. ഭക്ഷണപ്പൊതികളും ബിസ്‌ക്കറ്റും വെള്ളവും വിതരണം ചെയ്താണ് നടന്നു തളർന്ന കർഷകരെ ഞായറാഴ്ച അർദ്ധരാത്രി നഗരത്തിൽ പലയിടത്തും സ്വീകരിച്ചത്. പലയിടത്തും പ്രദേശ വാസികൾ തെരുവിലിറങ്ങി കർഷരെ നേരിട്ട് സ്വീകരിക്കുകുയം അവരുടെ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
സാധാരണക്കാരായ മുംബൈ നിവാസികൾക്കു പുറമെ സന്നദ്ധ സംഘടനകളും വലിയ സഹായവുമായി രാത്രി വൈകിയും തെരുവിൽ സജീവമായിരുന്നു. നടന്നു നടന്നു പൊള്ളിക്കുകയും കാൽ വിണ്ടു കീറുകയും ചെയ്ത കർഷകർക്ക് ഒരു സോഷ്യൽ മീഡിയ കൂട്ടായ്മയുടെ വകയായി ചെരിപ്പുകളും ഷൂകളും വിതരണം ചെയ്തു. ചിലർ സ്വന്തം ചെരിപ്പൂരി കർഷകർക്കു നൽകിയാണ് മാതൃകയായത്. കാലിൽ ചെരിപ്പു പോലുമില്ലാതെ കർഷകർ ഇത്ര ദൂരം ഹൈവേയിലൂടെ നടന്നത് കണ്ടു ഞെട്ടിയിരിക്കുകയാണ്. നിരവധി പേരാണ് സ്വന്തം ചെരിപ്പുകളും ഷൂകളും ഊരി കർഷകർക്കു നൽകിയതെന്ന് മുംബൈ സ്വദേശിനിയായ നിത കാർണിക് പറയുന്നു.
താനെ മാതാഡത ജാഗരൺ മഞ്ച് എന്ന സന്നദ്ധ സംഘട 500 കിലോ ഭക്ഷ്യധാന്യങ്ങളും മറ്റുമാണ് കർഷകർ തമ്പടിച്ച ക്യാമ്പിലെത്തിച്ചു വിതരണം ചെയതത്. റാലി തുടങ്ങിയ ദിവസം തന്നെ കർഷകരുമായി ബന്ധപ്പെട്ടു സഹായം വാഗ്്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ സംഭാവന സ്വീകരിക്കാൻ കർഷകർ തയാറായില്ലെന്നും ഈ സംഘടനയുടെ ഭാരവാഹിയായ ഉന്മേഷ് ബഗവെ പറഞ്ഞു. എങ്കിലും ഏതെങ്കിലും രീതിയിൽ ഇവരെ സഹായിക്കണമെന്ന തീരുമാനിച്ചുറപ്പിച്ചാണ് ഞങ്ങൽ രംഗത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
ലോങ്മാർച്ച് മുംബൈ നഗരത്തിലേക്ക് പ്രവേശിച്ച മുലുന്ദിൽ പ്രദേശ വാസികൾ കെട്ടിടത്തിനു മുകളിൽ നിന്ന് പൂക്കൾ വിതറി സ്വീകരിക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആറു ദിവസം മുമ്പ് നാസിക്കിൽ നിന്ന് തുടങ്ങിയ കർഷകരുടെ മാർച്ചിനെ മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും റാലിലെ അവഗണിച്ചപ്പോൾ സോഷ്യൽ മീഡിയയിലൂടെ സാമൂഹിക പ്രവർത്തകരും മാർച്ചിനെ അനുഗമിക്കുന്ന മാധ്യമപ്രവർത്തകരും പങ്കുവച്ച ചിത്രങ്ങളും നേർക്കാഴ്ചാ വിവരണങ്ങളുമാണ് കർഷക മാർച്ചിനെ പൊതുജന ശ്രദ്ധയിലെത്തിച്ചത്.