ബംഗളൂരു- അടിയന്തര സാഹചര്യങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ കാര്യശേഷിക്കുറിവാണ് ബംഗളൂരുവിലെ വിദ്യാര്‍ഥി നവീന് ഉക്രൈനില്‍ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി വിളിച്ചിരുന്നു.മകന്റെ മൃതദേഹമെങ്കിലും വേഗം എത്തിച്ചതരാന്‍ അപേക്ഷിച്ചു- നവീന്റെ പിതാവിന്റെ ഈ വാക്കുകള്‍ തന്നെ സര്‍ക്കാരിന്റെ പരാജയത്തെ ചൂണ്ടിക്കാണിക്കുന്നു.
യുദ്ധമുണ്ടാകുമെന്ന് ഉറപ്പായിട്ടും റഷ്യയുടെ സൈനിക നടപടി തുടങ്ങുംവരെ രക്ഷാദൗത്യം ഇന്ത്യ ആരംഭിച്ചില്ല. ഉക്രൈന്‍ വിടണമെന്ന സ്ഥിരം എംബസി മുന്നറിയിപ്പുകള്‍ മാത്രം പുറപ്പെടുവിച്ചു. എന്നാല്‍ അതിനുള്ള പശ്ചാത്തലം സൃഷ്ടിച്ചില്ല. വിമാനങ്ങള്‍ അയക്കുകയോ കുട്ടികള്‍ക്ക് ഗതാഗത സംവിധാനം ഒരുക്കുകയോ ചെയ്തില്ല.
കീവിലേക്ക് റഷ്യന്‍ പട നീങ്ങിയതോടെ ബുക്കു ചെയ്തിരുന്ന വിമാനങ്ങളടക്കം റദ്ദായി. ഇതോടെ വിദ്യാര്‍ഥികള്‍ എന്തുചെയ്യണമെന്നറിയാതെ പ്രയാസപ്പെട്ടു. അവസാന വിമാനങ്ങളില്‍ വന്‍ തുക കൊടുത്താണ് പലരും സീറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ വിമാനങ്ങള്‍ നിലച്ചതോടെ അവര്‍ കുടുങ്ങി.
ഉക്രൈനിലെ ഖാര്‍കിവില്‍നിന്ന് നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡര്‍ കുടുംബവുമായി ദിവസത്തില്‍ രണ്ടുതവണയെങ്കിലും സംസാരിക്കുമായിരുന്നു. ചൊവ്വാഴ്ച, ഭക്ഷണ സാധനങ്ങള്‍ കൊണ്ടുവരാന്‍ ബങ്കറില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അദ്ദേഹം വിളിച്ചു. പിന്നീട് കൂടുതല്‍ സമയം വിളിക്കാമെന്ന് പറഞ്ഞാണ് ഫോണ്‍ വെച്ചത്. ആ വിളി വന്നതേയില്ല. പിതാവ് ശേഖരപ്പ ജ്ഞാനഗൗഡര്‍ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. ഉച്ചക്ക് രണ്ട് മണിക്ക് റഷ്യന്‍ ഷെല്ലാക്രമണത്തില്‍ മകന്‍ മരിച്ച വിവരം വിദേശകാര്യ മന്ത്രാലയമാണ് അദ്ദേഹത്തെ അറിയിച്ചത്.
'ഇന്നലെ രാവിലെ 10 മണിയോടെ അവന്‍ വിളിച്ചു. ഞാന്‍ പ്രാതല്‍ കഴിച്ചിട്ട് വിളിക്കാം എന്ന് പറഞ്ഞു. അതിനുശേഷം ആശയവിനിമയം ഉണ്ടായില്ല. അവന്റെ ഫോണ്‍ റിംഗ് ചെയ്യുന്നുണ്ടെങ്കിലും ആരും എടുക്കുന്നില്ല. ഉച്ചക്ക് 2 മണിക്ക് എനിക്ക് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ഒരു കോള്‍ വന്നു. 4.30 ന് പ്രധാനമന്ത്രി മോഡി വിളിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിളിച്ചു. എല്ലാവരോടും മകന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ഞാന്‍ അഭ്യര്‍ഥിച്ചു. മൃതദേഹം രണ്ട് ദിവസത്തിനകം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് അവര്‍ പറഞ്ഞു- ജഞാനഗൗഡര്‍ പറഞ്ഞു.
റഷ്യക്കാര്‍ സര്‍ക്കാര്‍ കെട്ടിടം തകര്‍ത്തപ്പോള്‍ പലചരക്ക് കടക്ക് പുറത്ത് ക്യൂവില്‍ നില്‍ക്കുകയായിരുന്നു 21 കാരനായ നവീന്‍. ബങ്കറിലേക്ക് ഭക്ഷണവും വെള്ളവും എടുക്കാന്‍ ഒറ്റക്ക് പോയതായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
യുദ്ധം ഉണ്ടായപ്പാള്‍തന്നെ എല്ലാവരേയും കൊണ്ടുവരേണ്ടതായിരുന്നു. വളരെ താമസിച്ചുപോയി. ഇനിയെങ്കിലും മറ്റു കുട്ടികളെ ഉടന്‍ കൊണ്ടുവരണം- സുഹൃത്തുക്കള്‍ പറഞ്ഞു.