ന്യൂദല്‍ഹി- യുദ്ധത്തില്‍ തകര്‍ന്ന ഉക്രൈനില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാര്‍ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ക്രമീകരിച്ച പ്രത്യേക വിമാനങ്ങള്‍ വഴി നാട്ടിലേക്ക് മടങ്ങുമ്പോള്‍ നിരവധി കേന്ദ്രമന്ത്രിമാര്‍ അവരെ വിമാനത്താവളത്തില്‍ സ്വാഗതം ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. 'ഭാരത് മാതാ കീ ജയ്, 'വന്ദേമാതരം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴങ്ങുന്നതെന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസം ഖാര്‍കിവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും നിരവധി പൗരന്മാരില്‍ നിന്നും കടുത്ത വിമര്‍ശനം നേരിടുന്ന സമയത്താണ് ഈ ഗംഭീര വരവേല്‍പ്പ്. മുന്‍ സോവിയറ്റ് റിപ്പബ്ലിക്കിനെതിരെ റഷ്യ ആക്രമണം ശക്തമാക്കുമ്പോള്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്താന്‍ ഇന്ത്യന്‍ എംബസി പരാജയപ്പെട്ടു.
വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ട്വീറ്റ് ചെയ്ത വീഡിയോയില്‍, മന്ത്രി സ്മൃതി ഇറാനി ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്നതായി കാണാം. പബ്ലിക് അഡ്രസ് സിസ്റ്റത്തില്‍ സംസാരിച്ച അവര്‍, ഒഴിപ്പിക്കപ്പെട്ട ഇന്ത്യക്കാര്‍ 'ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍' 'മാതൃകാപരമായ ധൈര്യം' പ്രകടിപ്പിച്ചതായി പറയുന്നു.
'നിങ്ങളുടെ സഹിഷ്ണുതയ്ക്കും നിങ്ങളുടെ ധൈര്യത്തിനും ക്ഷമയ്ക്കും നന്ദി. ഭാരത് മാതാ കീ ജയ്.' എയര്‍ലൈന്‍സ് ജീവനക്കാരുടെ സേവനത്തിനും അവര്‍ നന്ദി പറഞ്ഞു.