ന്യൂദല്‍ഹി- റഷ്യ കടന്നാക്രമണം നടത്തിയ യുക്രൈനില്‍ കുടുങ്ങിയ മുഴുവന്‍ ഇന്ത്യക്കാരേയും തിരിച്ചെത്തിക്കാന്‍ അടുത്ത മൂന്ന് ദിവസങ്ങളിലായി 26 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വി ശ്രിംഗ്ല അറിയിച്ചു. യുക്രൈന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗത്തിലാണ് തീരുമാനം. ഖാര്‍കീവില്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശിയായ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പയ്ക്ക് യോഗം അനുശോചനം രേഖപ്പെടുത്തി.
ബുക്കാറെസ്റ്റില്‍ നിന്നും ബുഡാപെസ്റ്റില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്കു പുറമെയാണ് 26 വിമാനങ്ങള്‍ കൂടി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പോളണ്ടിലേയും സ്ലോവാക് റിപബ്ലിക്കിലേയും എയര്‍പോര്‍ട്ടുകളും ഇതിനായി ഉപയോഗപ്പെടുത്തുമെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു. തിരിച്ചുവരാനുള്ള ആദ്യ മുന്നറിയിപ്പ് നല്‍കുമ്പോള്‍ യുക്രൈനില്‍ 20000ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നുവെന്നാണ് കണക്ക്. പിന്നീടുള്ള ദിവസങ്ങളില്‍ ഇവരില്‍ 12000ഓളം പേര്‍ യുക്രൈന്‍ വിട്ടിട്ടുണ്ട്. അതായത് യുക്രൈനിലെ 60 ശതമാനം ഇന്ത്യക്കാരും അവിടെ നിന്ന് പുറത്തെത്തിയിട്ടുണ്ട്. ബാക്കി വരുന്ന 40 ശതമാനം പേരെ തിരിച്ചെത്തിക്കാനാണ് തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവരില്‍ പകുതിയോളം പേര്‍ ആക്രമണം രൂക്ഷമായ ഖാര്‍കീവിലും സുമിയിലുമാണ്. ബാക്കിയുള്ളവര്‍ യുക്രൈന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്ക് നീങ്ങിയിട്ടുണ്ട്. ഇവര്‍ സംഘര്‍ഷ മേഖലയ്ക്കു പുറത്താണ്.
റഷ്യന്‍ ആക്രമണം ശക്തമായ യുക്രൈന്‍ തലസ്ഥാന നഗരം കീവില്‍ നിന്ന് എല്ലാ ഇന്ത്യക്കാരും ഒഴിഞ്ഞതായും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.