Sorry, you need to enable JavaScript to visit this website.

തേനി ദുരന്തം; മരണസംഖ്യ ഒൻപതായി

ഇടുക്കി- കേരള-തമിഴ്‌നാട് അതിർത്തിയിലെ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. ഇരുപത്തിയേഴ് പേരെ രക്ഷിച്ചുവെന്നും കൂടുതൽ പേർ മലയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. അതേസമയം, മരിച്ചവരുടെ എണ്ണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രതിരോധ സേനയുടെ ഹെലികോപ്റ്ററുകളടക്കം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. തീ അണഞ്ഞിട്ടുണ്ടെങ്കിലും ഇനിയും തീ പടരാനുള്ള സാധ്യതയുണ്ട്. മരിച്ചവരിൽ അഞ്ചു പേർ സ്ത്രീകളാണെന്നാണ് പ്രാഥമിക വിവരം. വനത്തിനകത്ത് കുടുങ്ങിയവരെ പുറത്തേക്ക് കൊണ്ടുവരുന്നതും ഏറെ ദുഷ്‌കരമാണ്. വാഹനങ്ങൾ എത്തിക്കാൻ കഴിയാത്തതിനാൽ മഞ്ചൽ കെട്ടിയാണ് പരിക്കേറ്റവരെ പുറത്തേക്ക് കൊണ്ടുവരുന്നത്. അതേസമയം വനത്തിനുള്ളിൽ മലയാളികളുണ്ടെന്നും സൂചനയുണ്ട്. മൂന്നാറിൽനിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ കൊളുക്കുമല തേയില തോട്ടത്തിന്റെയും മീശപ്പുലിമലയുടെയും താഴ്‌വരയിലെ കൊരങ്ങിണി വനത്തിലാണ് ദുരന്തമുണ്ടായത്.
തമിഴ്‌നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികളും കോളജ് വിദ്യാർഥികളുമടങ്ങിയ 36 അംഗ സംഘമാണ് കാട്ടുതീയിൽ അകപ്പെട്ടത്. സേലം, ഈറോഡ് എന്നിവിടങ്ങളിലെ ഐ.ടി.ഐകളിൽനിന്ന് ട്രക്കിംഗ് പരിശീലനത്തിന് എത്തിയ 24 പെൺകുട്ടികളും ചെന്നൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരായ 13 പേരുമാണ് വനത്തിൽ അകപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറിനാണ് വിദ്യാർഥികൾ കാട്ടുതീയിൽ അകപ്പെട്ടതായി പുറംലോകം അറിയുന്നത്.
ഉടൻ എസ്‌റ്റേറ്റിലെ തൊഴിലാളികളും വനംവകുപ്പ് ഉദ്യോഗസ്ഥരും വനത്തിലേക്ക് കുതിച്ചു. അതിനിടെ തീ പടർന്നപ്പോൾ പരിഭ്രാന്തരായ പെൺകുട്ടികൾ നാലുപാടും ചിതറിയോടുകയും ചെയ്തിരുന്നു. ഏഴുപേരെ നാട്ടുകാരും വനപാലകരും ചേർന്ന് കണ്ടെത്തി ബോഡിനായ്ക്കന്നൂർ സർക്കാർ ആശുപത്രിയിലും തേനി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
 

Latest News