കാസർകോട്- വിനാശകരമായ കെ-റെയിൽ വേണ്ട, കേരളം വേണം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന കെ-റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കാസർകോട് നിന്ന് ആരംഭിക്കുന്ന സമരജാഥ കേരളത്തെ രക്ഷിക്കാനുള്ള ജാഥയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കാസർകോട് പുതിയ ബസ് സ്റ്റാന്റിൽ സമര ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ-റയിൽ തയാറാക്കിയ ഡി.പി.ആർ അബദ്ധ പഞ്ചാംഗമാണ്. സാമൂഹ്യ-പാരിസ്ഥിതിക പഠനങ്ങൾ നടത്തിയതിന് ശേഷമാണ് ഡി.പി.ആർ തയാറാക്കേണ്ടത്. എന്നാൽ സിൽവർ ലൈനിന് വേണ്ടി ആദ്യം ഡി.പി.ആർ തയാറാക്കുക, പിന്നീട് പഠനം നടത്തുക എന്ന തലതിരിഞ്ഞ രീതിയിലാണ് സർക്കാർ നീങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു.
329 കിലോമീറ്റർ ദൂരത്തിൽ എംബാങ്ക്‌മെന്റും 200 കിലോമീറ്റർ ദൂരത്തിൽ മതിലും കെട്ടിയാൽ കേരളത്തിലെ ജനങ്ങൾ ഏങ്ങനെ സഞ്ചരിക്കും? ഇത് വേഗത്തിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള പദ്ധതിയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം എന്തെന്ന് അറിയാത്ത ഫ്രാൻസിലെ കമ്പനി തയാറാക്കിയ വിശദ പദ്ധതിരേഖ അടിസ്ഥാനമാക്കി കെ-റെയിൽ നിർമിച്ചാൽ കേരളം ബാക്കിയുണ്ടാകില്ല. സംസ്ഥാന സമരജാഥ 24 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയിൽ എത്തുമ്പോൾ ആയിരങ്ങൾ അണിനിരക്കുന്ന മഹാ സംഗമമായി മാറും എന്നും അദ്ദേഹം പറഞ്ഞു. സമരജാഥയുടെ പതാക വി.ഡി സതീശനിൽ നിന്ന് ജാഥാ ക്യാപ്റ്റൻ എം.പി ബാബുരാജ് ഏറ്റുവാങ്ങി.
സമിതി സംസ്ഥാന ചെയർമാൻ എം.പി.ബാബുരാജ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എസ്.രാജീവൻ, ജാഥാ മാനേജർ ടി.ടി.ഇസ്മയിൽ, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.സി.ഖമറുദ്ദീൻ (മുൻ എം.എൽ.എ), ജോസഫ് എം.പുതുശേരി (മുൻ എം.എൽ.എ), കെ.പി കുഞ്ഞിക്കണ്ണൻ (മുൻ എം.എൽ.എ), സഞ്ജയ് മംഗള ഗോപാൽ (എൻ.എ.പി.എം ദേശീയ കൺവീനർ, മുംബൈ ചേരി നിവാസികളുടെ പാർപ്പിടാവകാശ സമര നേതാവ്), സി.ആർ നീലകണ്ഠൻ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, അഡ്വ. ടി.വി.രാജേന്ദ്രൻ, വി.കെ.രവീന്ദ്രൻ (എഡിറ്റർ, ഗദ്ദിക), പി.കെ. ഫൈസൽ (ഡി.സി.സി പ്രസിഡന്റ്), അഡ്വ.ജോൺ ജോസഫ്, ജോൺ പെരുവന്താനം, പ്രൊഫ.കുസുമം ജോസഫ് (എൻഎപിഎം), അസീസ് മരിക്കെ (മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി), യൂസഫ് സി.എ (വെൽഫെയർ പാർട്ടി), കെ.കെ.സുരേന്ദ്രൻ (എസ്.യു.സി.ഐ കമ്യൂണിസ്റ്റ്), ഷൈല കെ.ജോൺ (എ.ഐ.എം.എസ്.എസ്), ഹനീഫ് നെല്ലിക്കുന്ന്, ബദറുദ്ദീൻ മാടായി, മിനി കെ.ഫിലിപ്പ്, അബ്ദുൽ ഖാദർ ചട്ടംചാൽ, ശരണ്യാ രാജ്, സി.എം.അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു.
മാർച്ച് 2 രാവിലെ 9ന് ഉദുമ പാലക്കുന്നിൽ നിന്ന് പ്രയാണമാരംഭിക്കുന്ന ജാഥ കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂർ എന്നിവിടങ്ങളിലെ സ്വീകരണ യോഗങ്ങൾക്ക് ശേഷം വൈകുന്നേരം 5 മണിക്ക് പയ്യന്നൂരിൽ സമാപിക്കും.