കീവ്- യൂറോപ്യൻ യൂണിയൻ യോഗത്തിൽ ഉക്രൈൻ പ്രസിഡന്റിന്റെ വൈകാരിക പ്രസംഗം. തന്റെ രാജ്യത്തെ കുഞ്ഞുങ്ങളെ അടക്കം കൊലപ്പെടുത്തുകയാണ് റഷ്യ ചെയ്യുന്നതെന്നും നിരപരാധികളെ കൊന്നൊടുക്കുന്ന റഷ്യയുടെ ഭീകരത ലോകം മറക്കില്ലെന്നും ഉക്രൈൻ പ്രസിഡന്റ് വ്‌ളോദമിർ സെലൻസ്‌കി പറഞ്ഞു. തങ്ങളുടെ പോരാട്ടവീര്യത്തെ തകർക്കാൻ ഒരു ശക്തിക്കും സാധിക്കില്ലെന്നും ഇരുട്ടിന് മേൽ വെളിച്ചം വിജയം വരിക്കുമെന്നും സെലൻസ്‌കി പറഞ്ഞു. തുല്യരായി പരിഗണിക്കപ്പെടാനുള്ള ആഗ്രഹത്തിനായി ഉക്രെയ്ൻ അതിന്റെ മികച്ച ആളുകളെ വിട്ടുകൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തെ നിറഞ്ഞ കയ്യടികളോടെയാണ് യൂറോപ്യൻ യൂണിയനിലെ അംഗങ്ങൾ സ്വീകരിച്ചത്. പ്രസംഗത്തിന് ശേഷം മുഴുവൻ അംഗങ്ങളും എഴുന്നേറ്റ്‌നിന്ന് കയ്യടിച്ചു. കൈ ആകാശത്തേക്കുയർത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് സെലൻസി വീഡിയോ വഴി നടത്തിയ പ്രസംഗം അവസാനിപ്പിച്ചത്.