തൃശൂര്‍ - കെ.മുരളീധരന്റെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്തത് അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കൊണ്ടായിരുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ഗുരുവായൂരില്‍ മുന്‍ എം.എല്‍.എ വി.ബലറാമിന്റെ സ്മരണക്കായി ബലറാം സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്കാരം കെ.മുരളീധരന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ചെന്നിത്തല. മുരളീധരന്റെ വരവിനെ എതിര്‍ത്തത് അന്നത്തെ രാഷ്ട്രീയ നിലപാടുകളെ തുടര്‍ന്നാണ്. അന്നത്തെ മുരളീധരനല്ല ഇന്നുള്ള മുരളീധരന്. നേതാവായി അദ്ദേഹത്തെ ജനങ്ങള്‍ കാണുന്നുണ്ട്. കെ.പി.സി.സി പ്രസിഡന്റായി മുരളീധരനെ നിയോഗിച്ചപ്പോഴും തനിക്ക് എതിര്‍പ്പായിരുന്നു. എന്നാല്‍ അദ്ദേഹം മികച്ച കെ.പി.സി.സി. പ്രസിഡന്റായിരുന്നുവെന്നും കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയില്‍ മുരളീധരന്റെ പ്രവര്‍ത്തനം കേരളത്തിലെ കോണ്‍ഗ്രസിന് കൂടുതല്‍ മഹത്വം നല്കി. കോണ്‍ഗ്രസില്‍ നിന്നു പോയി പിന്നീട് തിരിച്ചു വന്നപ്പോള്‍ സീറ്റ് ചോദിക്കാതിരുന്ന മുരളിക്ക് വട്ടിയൂര്‍ക്കാവ് സീറ്റ് നല്‍കിയത് ഉമ്മന്‍ ചാണ്ടിയും താനും കൂടിയെടുത്ത തീരുമാനമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലയും താനും പുറത്തിറങ്ങി നിന്നാല്‍ ഒരു സ്ഥാനമില്ലെങ്കിലും പത്ത് പേര് കാണാന്‍ വരും. എന്നാല്‍ ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ചിലരെ മനുഷ്യന് പോയിട്ട് മൃഗം പോലും തിരിഞ്ഞുനോക്കില്ലെന്ന് കെ. സുധാകരനെയും വി.ഡി സതീശനെയും പരോക്ഷമായി സൂചിപ്പിച്ച് മുരളീധരന് പരിഹസിച്ചു. തെരഞ്ഞെടുപ്പിലെ തോല്‍വി ചില നേതാക്കളുടെ തലയില്‍ കെട്ടിവെച്ചപ്പോള്‍ യഥാര്‍ഥ പരാജയകാരണം വിലയിരുത്തപ്പെട്ടില്ല. സ്വപ്ന പലതും തുറന്ന് പറഞ്ഞിട്ടും കോണ്‍ഗ്രസിനത് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും മുരളീധരന് വിമര്‍ശിച്ചു. ശക്തമായ സമരങ്ങള്‍ നടത്തേണ്ട സമയമാണിപ്പോള്‍. എന്നാല്‍ കോണ്‍ഗ്രസുകാര്‍ പുനസംഘടനയുടെ പുറകിലാണ്. സ്ഥാനങ്ങളില്‍ ആള് മാറിയതു കൊണ്ടൊന്നും ഗുണം ചെയ്യില്ലെന്നും ആരെയെങ്കിലും മാറ്റി നിര്‍ത്തി മുന്നോട്ട് പോകാമെന്ന് കരുതിയാല്‍ പഴയതിനേക്കാള്‍ കഷ്ടമാകുമെന്നും മുരളീധരന് പറഞ്ഞു. ട്രസ്റ്റ് പ്രസിഡന്റ് സി.എ. ഗോപപ്രതാപന് അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ ടി.വി. ചന്ദ്രമോഹന്, ജോസഫ് ചാലിശേരി, ഷാജി കോടങ്കണ്ടത്ത്, എ. പ്രസാദ്, പി.കെ. അബൂബക്കര്‍ ഹാജി, വി. വേണുഗോപാല്‍, പി. യതീന്ദ്രദാസ്, അരവിന്ദന് പല്ലത്ത്, ടി.കെ. പൊറിഞ്ചു, കെ.ഡി. വീരമണി, പി.വി. ബദറുദ്ദീന്‍, എം.കെ. അബ്ദുള്‍ സലാം, വി.കെ. ജയരാജ്, പാലിയത്ത് ശിവന് തുടങ്ങിയവര്‍ പങ്കെടുത്തു.