ചെന്നൈ- തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്റെ ജീവചരിത്രം 'ഉങ്കളില്‍ ഒരുവന്‍' കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന് ആദ്യപ്രതി നല്‍കി പ്രകാശനം ചെയ്തു. ചെന്നൈ നന്തമ്പാക്കം ബിസിനസ് സെന്ററില്‍ നടന്ന ചടങ്ങില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ള തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ പങ്കെടുത്തു.
ഇത് കേവലമൊരു പുസ്തക പ്രകാശന ചടങ്ങല്ലെന്നും വിഭാഗീയ രാഷ്ട്രീയത്തിനും ഫാസിസത്തിനുമെതിരെ നിലകൊള്ളുന്നവരുടെ ട്രെയിലറാണെന്നും ഡി.എം.കെ എം.പി കനിമൊഴി പറഞ്ഞു. 2020ലെ ബിഹാര്‍ തിരഞ്ഞെടുപ്പിനുശേഷം തേജസ്വി യാദവും രാഹുല്‍ ഗാന്ധിയും ആദ്യമായാണ് ഒരു വേദി പങ്കിടുന്നത്. പൂംപുഹാര്‍ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ സ്റ്റാലിന്റെ ജീവിതത്തിന്റെ ആദ്യ 23 വര്‍ഷങ്ങളെക്കുറിച്ചാണ് പറയുന്നത്.