മോസ്‌കോ- സമവായ ചര്‍ച്ച പരാജയപ്പെട്ടതോടെ ഉക്രൈനെ എത്രയും വേഗം കീഴടക്കാനുള്ള ശ്രമത്തില്‍ റഷ്യ. ഉക്രൈന്റെ വ്യോമ പ്രതിരോധം സമ്പൂര്‍ണമായി കീഴ്പ്പെടുത്തി വ്യോമമേഖലയില്‍ ആധിപത്യം ഉറപ്പിച്ചതോടെ കീവ് ലക്ഷ്യമാക്കി വന്‍ റഷ്യന്‍ സൈനിക വ്യൂഹമാണ് നീങ്ങുന്നത്. ഉപഗ്രഹ ചിത്രങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളില്‍ ഏകദേശം 64 കിലോമീറ്ററോളം നീളമുള്ള സൈനിക വ്യൂഹമാണ് കീവിനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ അധിക സൈന്യം കൂടി എത്തുന്നതോടെ ഉക്രൈനിന്റെ തകര്‍ച്ച സമ്പൂര്‍ണമായേക്കും.
കീവില്‍ നിന്നും എത്രയും വേഗം ഒഴിയാന്‍ ഇന്ത്യ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അമേരിക്കന്‍ സ്ഥാപനമാണ് റഷ്യന്‍ സൈനിക വ്യൂഹത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. നൂറ് കണക്കിന് ടാങ്കുകളും മറ്റ് വാഹനങ്ങളും ഉള്‍പ്പെടുന്നതാണ് വാഹനവ്യൂഹം. ഉക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിലും റഷ്യന്‍ സൈന്യം ഷെല്ലാക്രമണം ആരംഭിച്ചിട്ടുണ്ട്. ഇവിടെ നിരവധി പേര്‍ കൊല്ലപ്പെട്ടു.