ന്യുദല്‍ഹി- കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം, അഘാതം, അപകടങ്ങള്‍, ദോഷവശങ്ങള്‍ അതിനുള്ള പ്രതിവിധികള്‍ എന്നിവ സംബന്ധിച്ച ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലെയ്‌മെറ്റ് ചെയ്ഞ്ച് (ഐപിസിസി) റിപോര്‍ട്ടില്‍ ഗൗരവമേറിയ മുന്നറിയിപ്പുകള്‍. ചൂടും ഇര്‍പ്പവും അപകടകരമായ തോതിലേക്ക് ഉയരുന്നതിനാല്‍ ഇന്ത്യയില്‍ പലയിടത്തും ജീവിതം ദുസ്സഹമാകുമെന്നും പല ഭൂപ്രദേശങ്ങളും കടലെടുക്കുമെന്നും തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഐപിസിസിയുടെ പുതിയ റിപോര്‍ട്ട് പറയുന്നു. ആറാം വിശകലന റിപോര്‍ട്ടിന്റെ രണ്ടാം ഭാഗമാണ് കഴിഞ്ഞ ദിവസം ഐപിസിസി പ്രസിദ്ധീകരിച്ചത്.
കടല്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ മുംബൈ നഗരം വലിയ പ്രളയ ഭീഷണിയിലാണ്. അഹ്‌മദാബാദ് നഗരം ഗൗരവമേറിയ കൊടുംചൂടില്‍ എരിയുകയാണ്. ചെന്നൈ, ഭുവനേശ്വര്‍, പട്‌ന, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളില്‍ ചൂടും ഈര്‍പ്പവും വര്‍ധിക്കുന്നത് അപകടകരമായ തോതിലാണെന്നും ഐപിസിസി റിപോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. ആദ്യമായാണ് ഐപിസിസി മേഖലാ തലത്തില്‍ വന്‍ നഗരങ്ങളെ കേന്ദ്രീകരിച്ച് ഇത്തരമൊരു കാലാവസ്ഥാ വിശകലനം നടത്തുന്നത്. കടല്‍ ജലനിരപ്പ് ഉയരുന്നതു മൂലം ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ഏറ്റവും വലിയ ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്നാണെന്നും ഐപിസിസി ചൂണ്ടിക്കാട്ടുന്നു.
പെട്രോള്‍, പ്രകൃതി വാതകം, കല്‍ക്കരി തുടങ്ങിയ ഇന്ധനങ്ങള്‍ കത്തിക്കുന്നതിലൂടെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് അടിയന്തിരമായി കുറച്ചു കൊണ്ടു വന്നില്ലെങ്കില്‍ ഇന്ത്യയില്‍ പലയിടത്തും മനുഷ്യര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷം സംജാതമാകുമെന്ന് ഐപിസിസി മുന്നറിയിപ്പു നല്‍കുന്നു. നഗരങ്ങളില്‍ താപ തരംഗങ്ങളും ചുടുകാറ്റും ശക്തിയായിട്ടുണ്ട്. ഇതോടൊപ്പം അന്തരീക്ഷ മലിനീകരണവും നടക്കുന്നു. കാര്‍ബണ്‍ പുറന്തള്ളല്‍ അടിയന്തിരമായി തടഞ്ഞില്ലെങ്കില്‍ ചൂടും ഈര്‍പ്പവും ചേര്‍ന്നുണ്ടാക്കുന്ന കാലാവസ്ഥ മനുഷ്യശരീരത്തിന് താങ്ങാന്‍ കഴിയാതെ വരും. ഇത്തരമൊരു അവസ്ഥ വരാനിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയും- റിപോര്‍ട്ട് പറയുന്നു.
2050ഓടെ ഇന്ത്യന്‍ നഗര ജനസംഖ്യ 87.7 കോടി ആയി ഉയരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഈ കാലാവസ്ഥ വലിയ അപകടം സൃഷ്ടിക്കും. ഇപ്പോള്‍ രാജ്യത്ത് 35 ശതമാനമെന്ന നിരക്കിലാണ് നഗരവല്‍ക്കരണം നടക്കുന്നത്. ഇത് അടുത്ത 15 വര്‍ഷത്തില്‍ 40 ശതമാനമായി ഉയരും. വന്‍ നഗരങ്ങൾ വേഗത്തിലാണ് വളരുന്നത്. ചെറിയ കേന്ദ്രങ്ങള്‍ക്കു പോലും ദ്രുത വളര്‍ച്ചയാണ്. ഇവിടങ്ങളില്‍ ജനസംഖ്യ കേന്ദ്രീകരിക്കുന്നത് തന്നെ കാലാവസ്ഥാ മാറ്റത്തിന് ആക്കം കൂട്ടും - ഐപിസിസി പഠനത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായ പ്രൊഫ. അഞ്ചല്‍ പ്രകാശ് പറയുന്നു.