കീവ്- ഉക്രൈനിൽ റഷ്യയുടെ ആക്രമണം ആറാം ദിവസത്തിലേക്ക് കടന്നിരിക്കെ 14 കുട്ടികളടക്കം 352 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഉക്രൈൻ അവകാശപ്പെട്ടു. ജനവാസകേന്ദ്രങ്ങളിൽ റഷ്യ ആക്രമണം തുടരുകയാണ്. ഉക്രൈനിലെ രണ്ടാമത്തെ നഗരമായ ഖാർകീവിൽ നിരവധി പാർപ്പിട കേന്ദ്രങ്ങൾ റഷ്യൻ മിസൈൽ ആക്രമണത്തിലും ഷെൽ വർഷത്തിലും തകർന്നു. ഇവിടെ 11 സിവിലിയന്മാർ കൊല്ലപ്പെട്ടതായാണ് കണക്ക്.
തങ്ങളുടെ ഭാഗത്തും നാശനഷ്ടങ്ങളുണ്ടെന്ന് റഷ്യ ഇതാദ്യമായി സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ അധിനിവേശം ആരംഭിച്ച ശേഷം അഞ്ച് ലക്ഷത്തിലേറെ പേർ ഉക്രൈനിൽനിന്ന് പലായനം ചെയ്തായി യു.എൻ അഭയാർഥി സംഘടന അറിയിച്ചു. ഉക്രൈൻ തലസ്ഥാനമായ കീവിനു സമീപം 64 കി.മീ നീളത്തിൽ റഷ്യയുടെ സൈനിക വാഹനങ്ങളുടെ നിര ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണ്.
ചർച്ച വിജയിക്കണമെങ്കിൽ തങ്ങൾ മുന്നോട്ടുവെച്ച ഉപാധികൾ ഉക്രൈൻ അംഗീകരിച്ചേ മതിയാകൂ എന്ന് റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിൻ അറിയിച്ചു. ഫ്രഞ്ച് പ്രസിഡണ്ട് ഇമാനുവൽ മാക്രോണുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഉക്രൈൻ നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്നും ക്രീമിയിക്കുമേലുള്ള റഷ്യയുടെ നിയന്ത്രണം അംഗീകരിക്കണമെന്നും പുടിൻ വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ഉക്രൈൻ-റഷ്യൻ പ്രതിനധികൾ ബെലാറസിൽ നടത്തിയ ചർച്ചയുടെ ആദ്യഘട്ടം പരാജയമായിരുന്നുവെങ്കിലും പുടിൻ പുതിയ ഉപാധികൾ വെച്ച പശ്ചാത്തലത്തിൽ അവയെ കുറിച്ച് വീണ്ടും ചർച്ച നടക്കുമെന്നാണ് കരുതുന്നത്.
പടിഞ്ഞാറൻ സഖ്യ രാഷ്ട്രങ്ങൾ ഉക്രൈനിലേക്ക് സൈനിക സഹായം വർധിപ്പിച്ചിട്ടുണ്ട്. ഉക്രൈന് കൂടുതൽ ആയുധങ്ങൾ എത്തിക്കണമെന്ന് ബ്രിട്ടൻ ആഹ്വാനം ചെയ്തു.