ന്യൂദല്‍ഹി- റഷ്യയുടെ യുക്രൈന്‍ അധിനിവേശം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യുഎന്‍ പൊതുസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ യുഎന്‍ രക്ഷാ സമിതിയില്‍ നടന്ന വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നു. വളരെ അപൂര്‍വമായാണ് അടിയന്തര യുഎന്‍ പൊതുസഭാ സമ്മേളനം ചേരാറുള്ളത്. ഇതിനായി 15 അംഗ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെ റഷ്യ എതിര്‍ത്തു. 11 അംഗങ്ങള്‍ അനുകൂലിച്ച് വോട്ട് ചെയ്തതോടെ പ്രമേയം പാസായി. യുഎന്‍ പൊതുസഭാ സമ്മേളനം ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രിയോ ചൊവ്വാഴ്ച രാവിലെയോ ചേരും. ഇന്ത്യയെ കുടാതെ ചൈനയും യുഎഇയും ഈ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. 1950നും ശേഷം യുഎന്‍ പൊതുസഭയുടെ 11ാമത് അടിയന്തര സമ്മേളനമായിരിക്കും ഇത്.
യുഎന്‍ പൊതുസഭാ സമ്മേളനം ആവശ്യപ്പെട്ടുള്ള വോട്ടെടുപ്പ് ഒരു നടപടിക്രമം ആയതിനാല്‍ യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ (ചൈന, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, യുഎസ്) രാജ്യങ്ങള്‍ക്ക് ഇതിനെ വീറ്റോ ചെയ്യാന്‍ കഴിയില്ല.