ഗ്വാളിയോര്‍- വിവരാവകാശ നിയമ പ്രകാരം ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയതിന് ദളിത് യുവാവിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിലെ പനിഹാറിലാണ് സംഭവം. വിവരാവകാശ പ്രവര്‍ത്തകനായ ശശികാന്ത് ജാദവ് (33) ആണ് മര്‍ദനത്തിനിരയായത്. ഫെബ്രുവരി 23ന് ഏഴു പേരടങ്ങുന്ന സംഘമാണ് ശശികാന്തിനെ ആക്രമിച്ചതെന്നും ശശികാന്തിന്റെ ഭാര്യ രേണു നല്‍കിയ പരാതിയില്‍ പറയുന്നു. കേസെടുത്ത പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പനിഹാര്‍ ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ ശര്‍മ അറിയിച്ചു.
തന്റെ ഭര്‍ത്താവിനെ ആക്രമികള്‍ ഷൂവില്‍ മൂത്രം നിറച്ച് കുടിപ്പിച്ചുവെന്ന് രേണു പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ ശശികാന്തിനെ ആദ്യം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ഗുരുതരമായതിനാല്‍ ദല്‍ഹി എയിംസിലേക്ക് മാറ്റിയിരിക്കുകയാണ്. ഗ്രാമ പഞ്ചായത്ത് സര്‍പഞ്ച് ആശ കൗരവ്, സഞ്ജയ് കൗരവ്, ധാമു, ഗൗതം, വിവേക് ശര്‍മ, ശര്‍നം സിങ് എന്നിവരും അക്രമി സംഘത്തിലുള്‍പ്പെട്ടതായി രേണു ആരോപിക്കുന്നു.