കീവ്- ഉക്രൈനിയന്‍ നഗരമായ ഖാര്‍കിവില്‍ റഷ്യന്‍ സൈന്യം നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി ഉക്രൈനിയന്‍ ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് ആന്റണ്‍ ഹെരാഷ്‌ചെങ്കോ പറഞ്ഞു. ഉക്രൈനും റഷ്യയും തമ്മിലുള്ള ചര്‍ച്ചകള്‍ ബെലാറഷ്യന്‍ അതിര്‍ത്തിയില്‍ ആരംഭിച്ചപ്പോഴും ഇത് തുടരുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടിയന്തര വെടിനിര്‍ത്തലും ഉക്രൈനില്‍ നിന്ന് റഷ്യന്‍ സേനയെ പിന്‍വലിക്കലുമാണ് ചര്‍ച്ചകളില്‍ ഉക്രൈനിന്റെ ലക്ഷ്യമെന്ന് നേരത്തെ ഉക്രൈന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. അതേസമയം, റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം ഉക്രൈനില്‍ ഏഴ് കുട്ടികളടക്കം 102 സിവിലിയന്മാരെങ്കിലും മരിച്ചതായി യു.എന്‍ മനുഷ്യാവകാശ മേധാവി ബാച്ചലെറ്റ് പറഞ്ഞു. 304 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.