അബുദാബിയിലേക്ക് കടക്കാന്‍ ഇനി തടസ്സങ്ങളില്ല, ഇ.ഡി.ഇ, പി.സി.ആര്‍ വേണ്ട

അബുദാബി- റോഡ് മാര്‍ഗം അബുദാബിയിലേക്കു പ്രവേശിക്കാന്‍  അതിര്‍ത്തിയിലെ ഇ.ഡി.ഇ പരിശോധനയും പി.സി.ആര്‍ നെഗറ്റീവ് ഫലമോ ഗ്രീന്‍ പാസോ കാണിക്കണമെന്ന നിബന്ധന   പിന്‍വലിച്ചു. ഇനി തടസ്സമില്ലാതെ അബുദാബിയിലേക്ക് കടക്കാം.
നേരത്തെ പരിശോധനക്കായി അതിര്‍ത്തി ചെക് പോസ്റ്റില്‍ ഏറെ നേരം കാത്തുനില്‍ക്കണമായിരുന്നു. ജോലിയും താമസവും ദുബായിലും അബുദാബിയിലുമുള്ളവരാണ് ഏറെ പ്രയാസപ്പെട്ടത്. ഭക്ഷ്യോല്‍പന്ന വിതരണ വാഹനങ്ങളും പ്രതിസന്ധി നേരിട്ടിരുന്നു. നിയന്ത്രണം എടുത്തുകളഞ്ഞതോടെ ഇരു എമിറേറ്റുകളിലേക്കുമുള്ള സഞ്ചാരം കൂടുതല്‍ സജീവമാകും.

യു.എ.ഇയില്‍ 2020 ഏപ്രിലിലാണ് അബുദാബി പ്രവേശത്തിന് കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. കോവിഡ് തീവ്രത കുറഞ്ഞതോടെ 2020 ഡിസംബര്‍ 23 മുതല്‍ ഇളവ് നല്‍കിയെങ്കിലും കേസുകള്‍ കൂടിയ പശ്ചാത്തലത്തില്‍ 2021 ഡിസംബര്‍ 19 മുതല്‍ വീണ്ടും അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി. കോവിഡ് തീവ്രത കുറയുകയും ഭൂരിഭാഗം പേരും വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോവിഡ് നിയമങ്ങളില്‍ ഇളവ് നല്‍കുന്നത്.

അബുദാബിയിലെ പൊതുസ്ഥലങ്ങള്‍, മാളുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, ഹോട്ടലുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിന് ഗ്രീന്‍ പാസ് നിബന്ധന തുടരും. അതുകൊണ്ടുതന്നെ അബുദാബി നിവാസികള്‍ക്ക് രണ്ടാഴ്ചയില്‍ ഒരിക്കല്‍ പി.സി.ആര്‍ പരിശോധന നടത്തേണ്ടിവരും.

 

 

Latest News