റിയാദ് - കഴിഞ്ഞ വര്‍ഷം രണ്ടേമുക്കാല്‍ ലക്ഷത്തിലേറെ സ്വദേശികള്‍ക്ക് മാനവശേഷി വികസന നിധി (ഹദഫ്) സാമ്പത്തിക സഹായത്തോടെ സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിച്ചതായി ഹദഫ് ഡയറക്ടര്‍ ജനറല്‍ തുര്‍ക്കി അല്‍ജഅ്വീനി അറിയിച്ചു. ഹദഫ് സഹായത്തോടെ കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ ആകെ 2,80,000 ലേറെ പേര്‍ക്ക് ജോലി ലഭിച്ചു. ഇക്കൂട്ടത്തില്‍ 55 ശതമാനം പേര് വനിതകളും 45 ശതമാനം പേര് പുരുഷന്മാരുമാണ്. കഴിഞ്ഞ വര്‍ഷം മാനവശേഷി വികസന നിധി 22 ലക്ഷത്തിലേറെ സ്വദേശികള്‍ക്ക് സേവനങ്ങള്‍ നല്കി. 53,000 സ്വകാര്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഹദഫ് പദ്ധതികള്‍ പ്രയോജനപ്പെടുത്തി. ഇതില്‍ 90 ശതമാനവും ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണ്.
കഴിഞ്ഞ കൊല്ലം അസാധാരണ പ്രകടനമാണ് ഹദഫ് കാഴ്ചവെച്ചത്. മാനവശേഷി വികസന നിധിയുടെ വാര്‍ഷിക വരുമാനം 700 കോടി റിയാല്‍ മുതല്‍ 800 കോടി റിയാല്‍ വരെയാണ്. ഈ തുക സ്വദേശികളെ ജോലിക്കു വെക്കുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കാനും സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനങ്ങള്‍ നല്‍കാനും വേണ്ടി വിനിയോഗിക്കുന്നു.