ഉഡുപ്പി- ഹിജാബ് വിവാദം തുടരുന്ന കർണാടകയിലെ ഉഡുപ്പിയിൽ മൂന്ന് വിദ്യാർഥിനികളെ തിങ്കളാഴ്ച പ്രാക്ടിക്കൽ പരീക്ഷക്ക് ഹാജരാകാൻ അനുവദിച്ചില്ല. ഹിജാബ് ധരിച്ച് ക്ലാസിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് കർണാടക ഹൈക്കടതിയെ സമീപിച്ച ആറു വിദ്യാർഥികളിൽ മൂന്നു പേർക്കാണ് പ്രാക്ടിക്കൽ നിഷേധിച്ചത്. ഉഡുപ്പി പ്രീ യൂനിവേഴ്സിറ്റി വനിതാ കോളേജിലാണ് സംഭവം.
പ്ലസ് ടു സയൻസ് സ്ട്രീമിൽ പഠിക്കുന്ന കുട്ടികളാണ് റെക്കോർഡുകൾ സമർപിക്കുന്നതിനും ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷക്കും എത്തിയത്. തട്ടം നീക്കിയാൽ മാത്രമേ റെക്കോർഡുകൾ സ്വകീരിക്കൂ എന്ന് ലക്ചറർ പറഞ്ഞതായും തുടർന്ന് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനികളിൽ ഒരാൾ പറഞ്ഞു. പോലീസിനെ വിളിക്കുമെന്ന് പറഞ്ഞാണ് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയത്. പ്രാക്ടിക്കൽ റെക്കോർഡുകൾ പരിശോധിച്ചാണ് 30 മാർക്ക് നൽകുക. 70 മാർക്കാണ് പ്രാക്ടിക്കലിനുള്ളത്. പ്രാക്ടിക്കലിന് ഹാജരായില്ലെങ്കിൽ പരീക്ഷ എഴുതാനാകില്ലെന്നും വിദ്യാർഥിനി പറഞ്ഞു.