മുംബൈ- ബിജെപി നേതാവ് ഹൈദർ അസം ഖാന്റെ ഭാര്യ രേഷ്മ ഖൈരാതി ഖാന്റെ പൗരത്വം സംബന്ധിച്ച ആരോപണം തള്ളി പോലീസ്. ഇവരുടെ മാതാപിതാക്കൾ ഇന്ത്യൻ പൗരന്മാരാണെന്ന് ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞതായി മുംബൈ പോലീസ് പറഞ്ഞു. ബംഗ്ലാദേശി സ്ത്രീയാണെന്നായിരുന്നു ആരോപണ. അതേസമയം, ഇന്ത്യൻ പാസ്‌പോർട്ട് ലഭിക്കുന്നതിന് രേഷ്മ ഹാജരാക്കിയ ജനന സർട്ടിഫിക്കറ്റ് വ്യാജമായിരുന്നു.കേസിൽ
1946ലെ ഫോറിനേഴ്‌സ് ആക്ടിലെ വകുപ്പുകൾ പോലീസ് ഒഴിവാക്കുമെങ്കിലും വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്താൻ സാധ്യതയുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പോലീസ് ചോദ്യം ചെയ്തതിനു പിന്നാലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് രേഷ്മാ ഖാന്റെ അറസ്റ്റ് മാർച്ച് വരെ തടഞ്ഞിരുന്നു.
പോലീസ് അന്വേഷണത്തിന്റെ ഭാഗമായി, രേഷ്മയുടെ ഡിഎൻഎയെ ഖൈരതി ഹസ്സന്റെയും അസ്മ ഹസന്റെയും ഡിഎൻഎയുമായി താരതമ്യം ചെയ്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബീഹാറിൽ നിന്നുള്ള മാതാപിതാക്കൾ ഇന്ത്യൻ പൗരന്മാരാണെന്നും ഇതു വഴി രേഷ്മ ഇന്ത്യൻ പൗരയാണെന്നും തെളിഞ്ഞതായി ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
പൗരത്വത്തെ കുറിച്ച് 2015 ൽ പരാതി ഉയർന്നപ്പോൾ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതിരുന്ന ഐ.പി.എസ് ഓഫീസർ ദേവൻ ഭാരതി, അസി.കമ്മീഷണർ ദീപക് ഫടംഗരെ എന്നിവരേയും രേഷ്മക്കു പുറമെ കേസിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യൻ പാസ്പോർട്ട് കരസ്ഥമാക്കാൻ രേഷ്മ വ്യാജരേഖകൾ സമർപ്പിച്ചുവെന്ന്ഐ.പി.എസ് ഓഫീസർ സഞ്ജയ് പാണ്ഡെ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.