ഇംഫാല്‍- മണിപ്പൂരിലെ 38 സീറ്റുകളിലേക്കുള്ള പോളിംഗ് തിങ്കളാഴ്ച രാവിലെ ആരംഭിച്ചു, രാവിലെ 11 മണി വരെ 27.34 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇന്ന് രാവിലെ സെയ്തു മണ്ഡലത്തിലെ ഒരു പോളിംഗ് സ്റ്റേഷനില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് പോളിംഗ് സ്തംഭിച്ചതായി പോലീസ് പറഞ്ഞു. കലാപബാധിതമായ സംസ്ഥാനത്ത് രണ്ട് ഭാഗങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആദ്യത്തേതാണ് ഇത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച മണിപ്പൂര്‍ റൈഫിള്‍സിലെ ഒരു ഹവില്‍ദാറിനെ തിങ്കളാഴ്ച പുലര്‍ച്ചെ ഫെര്‍സാവല്‍ ജില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. സംഭവം എങ്ങനെയെന്ന് വ്യക്തമല്ലെങ്കിലും കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം വിമാനമാര്‍ഗം ഇംഫാലിലേക്ക് കൊണ്ടുപോയി.
12,09,439 വോട്ടര്‍മാരില്‍ 173 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഹീന്‍ഗാംഗില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്, സിങ്ജാമൈയില്‍ നിന്ന് സ്പീക്കര്‍ വൈ ഖേംചന്ദ് സിംഗ്, യുറിപോക്കില്‍ നിന്ന് ഉപമുഖ്യമന്ത്രി യുംനാം ജോയ്കുമാര്‍ സിംഗ്, നമ്പോലില്‍ നിന്നുള്ള സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍ ലോകേഷ് സിംഗ് എന്നിവരുള്‍പ്പെടെയുള്ള പ്രധാന സ്ഥാനാര്‍ഥികളുടെ വിധി ഇന്ന് തീരുമാനിക്കും.