ഭോപാല്‍- ഐശ്വര്യം വരുന്ന ഓരോ വഴികള്‍. മധ്യ പ്രദേശിലെ ചൂള മുതലാളിയാണ് പെട്ടെന്ന് ധനികനായത്. ഈ മാസം 21 നാണ് ചെറുകിട ഇഷ്ടിക ചൂള വ്യാപാരം നടത്തുന്ന സുശീല്‍ ശുക്ലക്ക് ചൂളയില്‍ നിന്ന് 26.11 കാരറ്റ് വജ്രം കണ്ടെടുത്തത്. ഇത് മധ്യപ്രദേശിലെ ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്ന പന്നയില്‍ ലേലത്തിന് കൊണ്ടു പോയപ്പോള്‍ ലഭിച്ചത് 1.62 കോടി രൂപ. ഇവിടെയാണ് പതിവായി ലേലം നടക്കാറുള്ളത്. ഇതിനൊപ്പമുണ്ടായിരുന്ന 87 പരുക്കന്‍ വജ്രങ്ങള്‍ ഉള്‍പ്പെടെ ലേലത്തില്‍ മൊത്തം 1.89 കോടി രൂപ ലഭിച്ചുവെന്ന് ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫെബ്രുവരി 21 ന് ചൂളയില്‍ നിന്ന് ലഭിച്ച 26.11 കാരറ്റ് വജ്രത്തിനാണ് ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വില ലഭിച്ചതെന്നും പന്ന ജില്ലാ കലക്ടര്‍ സഞ്ജയ് കുമാര്‍ മിശ്ര പറഞ്ഞു. കൃഷ്ണ കല്യാണ്‍പൂര്‍ പ്രദേശത്തെ ചൂളയില്‍ നിന്നാണ് ചെറുകിട ഇഷ്ടിക ചൂള വ്യാപാരം നടത്തുന്ന സുശീല്‍ ശുക്ലക്ക് വജ്രം ലഭിച്ചത്. പ്രാദേശത്തെ വ്യാപാരിയാണ് വജ്രം വാങ്ങിയത്. വജ്രത്തിന്റെ ലേലം കാരറ്റിന് 3 ലക്ഷം രൂപയില്‍ നിന്ന് ആരംഭിച്ച് 6.22 ലക്ഷം രൂപയായി ഉയര്‍ന്നു, വളരെക്കാലത്തിന് ശേഷമാണ് ഇത്രയും വലിയ വജ്രം പന്നയില്‍ നിന്ന് കണ്ടെത്തിയതെന്നും കലക്ടര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ റോയല്‍റ്റിയും നികുതിയും കഴിച്ച് ബാക്കി തുക സുശീലിന് ലഭിക്കും.