വിജയവാഡ- ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ മോപിദേവി സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന ക്ഷേത്ര ഭാരവാഹികൾ ഒരു അസാധാരണ കാണിക്ക കണ്ടു ഞെട്ടി. ഐ ഫോൺ 6 എസ്! ആഗ്രഹ സഫലീകരണത്തിനായി ഏതോ ഒരു ഭക്തൻ ഭണ്ഡാരത്തിലിട്ട ദൈവത്തിനുള്ള സമ്മാനമായിരുന്നു ഈ ഐ ഫോൺ. ശനിയാഴ്ച വൈകുന്നേരം സംഭാവന എണ്ണിത്തിട്ടപ്പെടുത്താനായി ഭണ്ഡാരം തുറന്നപ്പോഴാണ് ഇതു കണ്ടത്. ഉടൻ തന്നെ ജീവനക്കാർ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറെ വിവരമറിയിച്ചു.
ആദ്യമായാണ് ഇത്തരമൊരു അസാധാരണ സംഭാവന ലഭിക്കുന്നതെന്നും സ്മാർട്‌ഫോൺ ബിസിനസ് തുടങ്ങിയ ഏതെങ്കിലും ഭക്തൻ ദൈവത്തെ പ്രീതിപ്പെടുത്താൻ സമർപ്പിച്ചതായിരിക്കാം ഈ കാണിക്കയെന്നും ക്ഷേത്രം സൂപ്രണ്ട് എ മധുസൂദനൻ പറയുന്നു.
ഏതായാലും ഈ ഫോണിന്റെ ഗതി തുലാസിലാണ്. ഇതു നശിപ്പിക്കണോ അതോ വിറ്റു കാശാക്കണോ എന്നതു സംബന്ധിച്ച് തീരുമാനമെടുക്കാനാവാതെ കുഴങ്ങിയിരിക്കുകയാണ് അധികൃതർ. ക്ഷേത്രത്തിലെ ചട്ടപ്രകാരം ഈ സമാർട്ട്‌ഫോൺ കുഴിച്ചു മൂടണം. ഇതു വിറ്റ് പണമാക്കി ക്ഷേത്രത്തിന്റെ ആവശ്യങ്ങൾക്കുപയോഗിക്കാൻ നിലവിലെ ചട്ടം അനുവദിക്കുന്നില്ലെന്ന് മധുസൂദനൻ പറയുന്നു. സ്മാർട് ഫോൺ അടക്കം ഏതും ഇലക്ട്രോണിക് ഉപകരണങ്ങൾ ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചാലും കുഴിച്ചു മൂടുക എന്നതാണ് ചട്ടം.
ഏതായാലും വിലയേറിയ കാണിക്കയായതിനാൽ ഇത് എന്തു ചെയ്യണമെന്നത് സംബന്ധിച്ച് സർക്കാരിന്റെ നിർദേശം തേടിയിരിക്കുകയാണ് ക്ഷേത്രം അധികൃതർ.