സൂറിച്- നടക്കാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ റഷ്യന്‍ ടീം റഷ്യയുടെ ദേശീയ പതാകയും ദേശീയ ഗാനവും ഒഴിവാക്കണമെന്നും അല്ലാത്ത പക്ഷം കളിക്കാന്‍ അനുവദിക്കില്ലെന്നും ഫിഫ. യുക്രൈനിലേക്ക് റഷ്യ നടത്തിയ അധിനിവേശത്തെ തുടര്‍ന്നാണീ തീരുമാനം. ഫുട്‌ബോള്‍ യൂനിയന്‍ ഓഫ് റഷ്യ ഒരു നിഷ്പക്ഷമാണെന്നതിനാല്‍ രാജ്യത്തിന്റെ പതാക മാറ്റണമെന്നാണ് ഫിഫയുടെ നിര്‍ദേശം. റഷ്യയെ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതു സംബന്ധിച്ച് മറ്റു ഫുട്‌ബോള്‍ സംഘടനകളുമായി ചര്‍ച്ച നടത്തി വരികയാണെന്നും ഫിഫ അറിയിച്ചു. യുക്രൈനിലേക്ക് റഷ്യ നടത്തി അധിനിവേശത്തെ അപലപിക്കുന്നതായും ഫിഫ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇംഗ്ലണ്ട്, പോളണ്ട്, ചെക്ക് റിപബ്ലിക്, സ്വീഡന്‍ തുടങ്ങി പല പ്രമുഖ ടീമുകളും തങ്ങള്‍ റഷ്യയ്‌ക്കെതിരെ കളിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലോക കപ്പ് യോഗ്യതാ മത്സരങ്ങളില്‍ അടുത്ത മാസം റഷ്യ പോളണ്ടിനെയോ ചെക്ക് റിപബ്ലിക്കിനെയോ സ്വീഡനെയോ നേരിടാനിരിക്കെയാണിത്. ഫിഫയുടെ തീരുമാനം തീര്‍ത്തും അസ്വീകാര്യമാണെന്നും പതാക ഇല്ലെങ്കിലും ഉണ്ടെങ്കിലും പോളണ്ട് ദേശീയ ടീം റഷ്യയ്‌ക്കെതിരെ കളിക്കില്ലെന്നും പോളിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.