പാരീസ്- റഷ്യൻ ആക്രമണത്തെ തടയുന്നതിന് ഉക്രൈന് കൂടുതൽ ലോക രാജ്യങ്ങളുടെ സഹായം. സ്വീഡൻ അടക്കമുള്ള രാജ്യങ്ങളാണ് ഉക്രൈന് സഹായവുമായി രംഗത്തെത്തിയത്. 19 യൂറോപ്യൻ രാജ്യങ്ങളുടെ സഹായം ഇതോടകം ഉക്രൈന് ലഭിച്ചു. 350 മില്യൺ ഡോളറിന്റെ സൈനിക സഹായം അമേരിക്ക നൽകി. സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണാണ് ഇക്കാര്യം അറിയിച്ചത്.
മാരകമായ സൈനിക ആയുധങ്ങൾ ഉൾപ്പെടെ 394 മില്യൺ ഡോളറിന്റെ സഹായമാണ് കാനഡ നൽകിയത്. ഉക്രൈന്റെ പ്രതിരോധ സംവിധാനം കൂടുതൽ കരുത്തുറ്റതാക്കാനാണ് ഈ സഹായം. ആയിരം ടാങ്ക് വേധ ആയുധങ്ങളും 14 കവചിത വാഹനങ്ങളും പതിനായിരം ടൺ ഇന്ധനവും ജർമനി നൽകി. സ്വീഡൻ 5,000 ടാങ്ക് വേധ റോക്കറ്റുകൾ നൽകി. ഇതാദ്യമായാണ് മറ്റൊരു രാജ്യത്തിന് സ്വീഡൻ ആയുധങ്ങൾ നൽകി സഹായിക്കുന്നത്. ഫ്രാൻസ് ഇതോടകം തന്നെ സഹായം നൽകി. അടുത്ത ദിവസങ്ങളിൽ ഉക്രൈന് കൂടുതൽ സഹായം നൽകുമെന്ന് ബ്രിട്ടൻ അറിയിച്ചു. 3,000 ഓട്ടോമാറ്റിക് റൈഫിളുകൾ ബെൽജിയം നൽകി. 200 ടാങ്ക് വേധ ആയുധങ്ങളും 3,800 ടൺ ഇന്ധനവും നൽകി. ഹോളണ്ട്, ചെക് റിപ്പബ്ലിക്, ഇറ്റലി, പോർച്ചുഗൽ, സ്‌പെയിൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളും ഉക്രൈന് സഹായവുമായി രംഗത്തെത്തി.